കണ്ണൂര്‍ മാടായിപ്പാറയില്‍ സില്‍വര്‍ലൈന്‍ സര്‍വേക്കല്ലുകള്‍ പിഴുതു മാറ്റി റീത്ത് വെച്ചു. ഏഴ് സര്‍വേക്കല്ലുകളാണ് പിഴുതെടുത്ത് റോഡരികില്‍ കൂട്ടിയിട്ട് റീത്ത് വെച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ രണ്ട് തവണ മാടായി പാറയില്‍ ഓരോ സര്‍വ്വേ കല്ലുകള്‍ പിഴുതു മാറ്റിയിരുന്നു.
കെ-റെയിലിനെതിരെ സംസ്ഥാനത്ത് ആദ്യമായി പ്രതിഷേധം ഉയര്‍ന്നത് മാടായിപ്പാറയിലാണ്. സര്‍വേക്കല്ലുകള്‍ സ്ഥാപിക്കാന്‍ വന്ന ഉദ്യോഗസ്ഥരെ നാട്ടകാര്‍ കൂട്ടത്തോടെ തടയുകയും സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തിരുന്നു. ഈ മാസം നാലിനായിരുന്നു ആദ്യമായി പ്രദേശത്ത് സര്‍വേക്കല്ലുകള്‍ പിഴുതു മാറ്റിയത്. എന്നാല്‍ ഇതാദ്യമായാണ് സര്‍വേക്കല്ലുകള്‍ കൂട്ടത്തോടെ പിഴുതു മാറ്റിയ നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലിസെത്തി പരിശോധന നടത്തിയിട്ടുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നാട്ടുകാര്‍ ശക്തമായ സമര പരിപാടികള്‍ നടത്താനിരിക്കെയാണ് സര്‍വേക്കല്ലുകള്‍ കൂട്ടത്തോടെ പിഴുതു മാറ്റിയത്.
