നടന്‍ ദിലീപിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീട്ടിലാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ തോട്ടക്കാട്ടുകരയിലെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തുമ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് ഗെയ്റ്റ് ചാടി അകത്തു കടന്നു. പിന്നീട് ദിലീപിന്റെ സഹോദരിയെത്തി വീട് തുറന്നു നല്‍കി.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തത്. പിന്നാലെയാണ് ഇപ്പോള്‍ റെയ്ഡ്.
അതേസമയം വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. നാളെ ഹൈക്കോടതി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായ എതിര്‍വാദം ഉന്നയിക്കാനാണ് സാധ്യത.
ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ വിഐപിയെ കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് സൂചന ലഭിച്ചു.
