മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നു, സംഭവിച്ചത് അശ്രദ്ധ: മന്ത്രി വി. ശിവന്‍കുട്ടി

 

 

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിര കളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. അശ്രദ്ധ കൊണ്ടാണ് ഇത് സംഭവിച്ചതെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം കോവിഡ് വ്യാപനം സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അവലോകന യോഗത്തില്‍ പുനര്‍ചിന്തനം വേണമെന്ന് പറഞ്ഞാല്‍ ആലോചിക്കും. വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് 550ലേറെ പേരാണ് മെഗാ തിരുവാതിരയില്‍ പങ്കെടുത്തത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലൊന്നടങ്കം രൂക്ഷവിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു തിരുവാതിര സംഘടിപ്പിച്ചിരുന്നത്. കോവിഡ് വ്യാപന സാഹചര്യത്തില്‍ പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന സര്‍ക്കാര്‍ നിയന്ത്രണം നിലനില്‍ക്കേയാണ് ഇത്രയധികം പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര നടന്നത്.

ജനാധിപത്യ മഹിള അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാറശ്ശാലയിലെ ചെറുവാരക്കോണം സിഎസ്ഐ പള്ളി മൈതാനത്തായിരുന്നു പരിപാടി.

Exit mobile version