ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടില്‍വച്ച് കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി; സാക്ഷി ജിന്‍സണുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്

 

 

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയും സാക്ഷി ജിന്‍സണ്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി ഓഡിയോയില്‍ പറയുന്നു. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെ കുറിച്ചും ജിന്‍സനോട് പള്‍സര്‍ സുനി ചോദിച്ചതായും ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാകും. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു സാക്ഷിയായ ജിന്‍സന്‍.

ഒരാഴ്ച മുമ്പുള്ള ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നിട്ടുള്ളത്. സംഭാഷണത്തില്‍ ഇവര്‍ അടുത്ത സുഹൃത്തുക്കളാണ് എന്ന് വ്യക്തമാണ്. പള്‍സര്‍ സുനി ജിന്‍സനെ വിളിക്കുന്നത്. പുറത്ത് നടക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് ചോദിക്കുന്നുണ്ട്. ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ചെല്ലാം പറയുന്നു. എവിടെ വെച്ചെല്ലാമാണ് ബാലചന്ദ്രനെ കണ്ടിട്ടുള്ളത് എന്ന് ജിന്‍സണ്‍ ചോദിക്കുന്നുണ്ട്. അപ്പോഴാണ് ദിലീപിന്റെ വീട്ടിലും ഹോട്ടലിലുമെല്ലാം വെച്ച് കണ്ടിട്ടുണ്ടെന്ന് പള്‍സള്‍ സുനി സമ്മതിക്കുന്നത്.

ഞാനായിട്ട് പറയേണ്ടല്ലോ എന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നത്. പണത്തിന് മുകളില്‍ പരുന്ത് പറക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്ന് പറഞ്ഞാണ് ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുന്നത്. ഇതോട് കൂടി കേസില്‍ ദിലീപിനുള്ള പങ്ക് കൂടുതല്‍ വ്യക്തമാകുകയാണ്. ഫോണ്‍ വിളിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

Exit mobile version