രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം; ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനവ്, കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചന നല്‍കി രോഗികളുടെ എണ്ണം കുത്തനെ വര്‍ധിച്ച് വരുന്നു.പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്ന് രണ്ട് ലക്ഷത്തിലേക്കെത്തിയേക്കും. ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍ഷൂഖ് മാണ്ഡവ്യ എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യ മന്ത്രിമാരുടേയും യോഗം വിളിച്ചത്. അതേസമയം രാജ്യത്ത് ബൂസ്റ്റര്‍ ഡോസിന്റെ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും.

രോഗതീവ്രത കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കര്‍ശനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം കേന്ദ്രം മുന്നോട്ട് വെക്കാനാണ് സാധ്യത. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

കേന്ദ്രനിര്‍ദ്ദേശത്തില്‍ വിട്ട് വീഴ്ച പാടില്ലെന്നുള്ള സര്‍ക്കാര്‍ നിലപാട് ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യ മന്ത്രിമാരെ അറിയിക്കും. ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശവും മുന്നോട്ട് വെക്കാന്‍ സാധ്യതയുണ്ട്.

അതേസമയം സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം ഇന്ന് ചേരും. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നും യോഗത്തില്‍ ചര്‍ച്ചയാകും.

Exit mobile version