കോട്ടയം: നാട്ടുകാരുടെ പരാതിയെ തുടർന്ന് പാമ്പാടിയിലെ പഴക്കടയിൽ വിൽപ്പന നടത്തുന്നതിനായി വിതരണം ചെയ്ത ഗുണനിലവാരം ഇല്ലാത്ത പഴങ്ങൾ ഭക്ഷ്യ സുരക്ഷാ വിഭാഗവും ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു. പൂപ്പൽ പിടിച്ചതും , പഴകിയതുമായ മുന്തിരിയും അടക്കം പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രദേശത്ത് മുന്തിരിയും പഴങ്ങളും അടക്കം പഴയ സാധനങ്ങൾ വിതരണം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഈ സാധനങ്ങൾ വാങ്ങിയ ആളുകളിൽ പലരും പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം നാട്ടുകാർ സംഘടിച്ചെത്തി പഴക്കടയ്ക്ക് മുന്നിൽ പരിശോധനയ്ക്ക് എത്തുകയായിരുന്നു.
ഭക്ഷ്യ സുരക്ഷാ വിഭാഗത്തെയും ആരോഗ്യ വിഭാഗത്തെയും പങ്കെടുപ്പിച്ചാണ് നാട്ടുകാർ കടയിൽ പരിശോധന നടത്തിയത്. ഇതേ തുടർന്ന് കടയിൽ നിന്നും പഴകിയ പഴങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ കട ഉടമയ്ക്കെതിരെ പാമ്പാടി പൊലീസ് കേസെടുത്തതായാണ് സൂചനകൾ ലഭിക്കുന്നത്.