നിര്‍ഭയ കേസ്; വധശിക്ഷ നടപ്പാക്കുന്ന തീയതി ഇനിയും നീട്ടരുത്…സര്‍ക്കാറിന്‍റെയും ജയില്‍ അധികൃതരുടെയും വീഴ്ച കാരണം ഞാനെന്തിന് സഹിക്കണമെന്ന് നിര്‍ഭയയുടെ അമ്മ

ന്യൂഡല്‍ഹി : നിര്‍ഭയ കേസില്‍ പ്രതികളെ തൂക്കിക്കൊല്ലുന്ന തീയതി നീട്ടിയതില്‍ പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ. പ്രതികളിലൊരാളുടെ ദയാഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനുവരി 22ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

സര്‍ക്കാറിന്‍റെയും തിഹാര്‍ ജയില്‍ അധികൃതരുടെയും വീഴ്ചകാരണം ഞാനെന്തിന് സഹിക്കണമെന്നും ജനുവരി 22ന് തന്നെ പ്രതികളെ തൂക്കിലേറ്റണമെന്നും അമ്മ പ്രതികരിച്ചു.

വധശിക്ഷ നടപ്പാക്കുന്ന തീയതി ഇനിയും നീട്ടരുത്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ ഒരുപാട് പഴുതുകളുണ്ട്. എന്‍റെ മകളുടെ ഘാതകരെ ശിക്ഷിക്കുന്നതും കാത്ത് എന്നെപ്പോലൊരാള്‍ വര്‍ഷങ്ങളായി കോടതിയെ ചുറ്റുകയാണ്.

ദില്ലി സര്‍ക്കാറിന്‍റെയും ജയില്‍ അധികൃതരുടെയും വീഴ്ച കാരണം ഞാനെന്തിന് സഹിക്കണം- അമ്മ മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ക്ക്(പ്രതികള്‍ക്ക്) അവകാശങ്ങളുണ്ട്. അതുപോലെ ഏഴ്
വര്‍ഷം മുമ്പ് ക്രൂരമായി കൊല്ലപ്പെട്ട മകള്‍ക്ക് നീതി കിട്ടണമെന്ന് ഞങ്ങള്‍ക്കും അവകാശമുണ്ടെന്നും അവര്‍ പറഞ്ഞു.

നേരത്തെ ദില്ലി കോടതി തന്നെ പുറപ്പെടുവിച്ച മരണ വാറണ്ട് പ്രകാരം ജനുവരി 22-ന് രാവിലെ ഏഴ് മണിക്ക് പ്രതികളെ തൂക്കിക്കൊല്ലാന്‍ ഉത്തരവിട്ടിരുന്നു.

എന്നാല്‍ പ്രതി വീണ്ടും ദയാഹര്‍ജി നല്‍കുകയും അവയെല്ലാം കോടതിയില്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വധശിക്ഷ ഇപ്പോള്‍ നടപ്പാക്കാനാവില്ലെന്നും വാറണ്ട് താല്‍കാലികമായി സ്റ്റേ ചെയ്യുന്നുവെന്നും കോടതി അറിയിച്ചു.

Exit mobile version