കോട്ടയം ശാസ്ത്രി റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് ട്രാൻസ്‌ഫോമറിലേയ്ക്കു ഇടിച്ചു കയറി;  പുതുപ്പള്ളി സ്വദേശിയായ യുവാവിന് പരിക്ക്.

കോട്ടയം: നഗരമധ്യത്തിൽ ശാസ്ത്രി റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ട്രാൻസ്‌ഫോമറിലേയ്ക്കു പാഞ്ഞു കയറി. ട്രാൻസ്‌ഫോമറിന്റെ ഗ്രില്ല് തകർത്ത് ബൈക്ക് പാഞ്ഞുകയറിയെങ്കിലും, അപകടത്തിൽപ്പെട്ട ബൈക്ക് ട്രാൻസ്‌ഫോമറിൽ ഇടിയ്ക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ പുതുപ്പള്ളി സ്വദേശിയായ യുവാവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് യുവാവിനെ രക്ഷപെടുത്തി ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന് കാര്യമായ പരിക്കില്ല. നിസാര പരിക്കുകൾ ഏറ്റ ഇയാൾ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേയ്ക്കു മടങ്ങി. ജിബു എൻ സി എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് അപകടത്തിനിരയാക്കിയ ബൈക്ക്.

വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ ശാസ്ത്രി റോഡിൽ കെ.എസ്.ഇ.ബി ഓഫിസിനു സമീപത്തെ റോഡരികിലായിരുന്നു അപകടം. ശാസ്ത്രി റോഡിന്റെ ഇറക്കം ഇറങ്ങിയെത്തിയ ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡിരികിലെ ട്രാൻസ്‌ഫോമറിന്റെ വല തകർത്ത് ഉള്ളിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാൻസ്‌ഫോമറിന്റെ സംരക്ഷണ വല പൂർണമായും തകർന്നു.

ട്രാൻസ്‌ഫോമറിന്റെ വല തകർന്ന സംഭവത്തിൽ കെ.എസ്.ഇ.ബി അധികൃതർ പരാതി നൽകിയേക്കും. അപകടത്തിനിടയാക്കിയ യുവാവ് ഇതിനു കെ.എസ്.ഇ.ബിയ്ക്കു നഷ്ടപരിഹാരവും നൽകേണ്ടി വരും.വല തകർത്തെങ്കിലും, ബൈക്കും യാത്രക്കാരനായ യുവാവും ട്രാൻസ്‌ഫോമറിൽ ഇടിച്ചില്ല. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.

Exit mobile version