പാറശാല: കളിയക്കവിള ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിക്കിടെ എസ്‌ഐയെ വെടിവച്ച് കൊന്ന കേസിലെ പ്രതികൾ തീവ്രവാദ ബന്ധമുള്ളവരെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചു . കേരള-തമിഴ്‌നാട് അതിർത്തിയിൽ തമിഴ്‌നാട് എസ്ഐ വിൽസൺ ( 58) ആണ് ഇന്നലെ രാത്രി പത്ത് മണിയോടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രതികളെ കണ്ടെത്താൻ വേണ്ടിയുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് കേരളാ പൊലീസ്. തമിഴ്‌നാട് പൊലീസിന്റെയും സഹകരണത്തോടെയാണ് അന്വേഷണം. എഎസ്ഐ വിൻസെന്റിനെ കൊലപ്പെടുത്തിയ പ്രതികൾ കേരളത്തിലേക്ക് രക്ഷപെട്ടു എന്നാണ് കേരളാ പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതോടെ പ്രതികളെ കണ്ടെത്താൻ കേരളാ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി തിരച്ചിൽ തുടങ്ങി.
പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് കേരളാ സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിൽ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു. ഫോൺ നമ്പർ 0471 2722500, 9497900999.
തമിഴ്‌നാട് നാഗർകോവിൽ സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരാണ് പ്രതികളെന്ന് സംശയിക്കുന്നവർ. രണ്ടുപേർക്കും 25 നും 30 നും ഇടയ്ക്കാണ് പ്രായം. അഞ്ചര അടിയോളം പൊക്കവും ആനുപാതികമായ വണ്ണവുമുണ്ട്. ഇവരെ പിടികൂടാൻ സഹായകമായ വിവരങ്ങൾ നൽകുന്നവർക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പാരിതോഷികം പ്രഖ്യാപിച്ചു. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുകയില്ലെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം മുഖംമൂടിധാരികളായ അക്രമിസംഘത്തിനായി കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിലുൾപ്പെടെ കേരള – തമിഴ്‌നാട് പൊലീസ് തെരച്ചിൽ ശക്തമാക്കി. സ്‌കോർപ്പിയോ കാറിലാണ് രണ്ടംഗ അക്രമിസംഘം കേരളത്തിലേക്ക് കടന്നത്.
തമിഴ്‌നാട് പൊലീസിൽ നിന്നുള്ള അറിയിപ്പ് അനുസരിച്ച് ഇന്നലെ രാത്രി തന്നെ തിരുവനന്തപുരം സിറ്റിയിലും റൂറലിലും ഇന്നലെ രാത്രി മുഴുവൻ പൊലീസ് വാഹന പരിശോധന നടത്തിയെങ്കിലും തമിഴ്‌നാട് രജിസ്‌ട്രേഷൻ സ്‌കോർപ്പിയോ കാർ കണ്ടെത്താനായില്ല.
ഇന്നലെ രാത്രി 10 മണിക്ക് കോഴിവിള ഭാഗത്തു നിന്നും പഴയ റോഡിൽ എത്തിച്ചേരുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിർത്തി ചെക്ക് പോസ്റ്റിലായിരുന്നു സംഭവം. ചെക്ക് പോസ്റ്റിനു സമീപത്ത് കൂടി നടന്നെത്തിയ രണ്ട് യുവാക്കൾ സമീപത്തെ മുസ്‌ളീം പള്ളിയുടെ ഗേറ്റിന് സമീപത്തേയ്ക്ക് പോയ ശേഷം തിരികെയെത്തി വിൽസണ് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവച്ചശേഷം ഇവർ പള്ളിയുടെ കോമ്പൗണ്ട് വാൾചാടി മറുഭാഗത്തെ ദേശീയപാതയിലെത്തി അവിടെ നിന്നും കേരളത്തിലേക്ക് കടക്കുകയായിരുന്നു. വെടിയൊച്ച കേട്ടെത്തിയ നാട്ടുകാരാണ് കളിയിക്കാവിള പൊലീസിൽ വിവരം അറിയിച്ചത്. വിൽസനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സംഭവസ്ഥലത്തു തന്നെമരണപ്പെട്ടു.
ചെക്ക് പോസ്റ്റ് വഴി സാധനങ്ങൾ കള്ളക്കടത്ത് നടത്തുന്ന സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇന്റലിജൻസ് നൽകിയ ഫോട്ടോകളിൽ പെടുന്ന രണ്ടു പേർ തന്നെയാണ് എസ്ഐയെ വെടിവെച്ച് കൊന്നത് എന്ന് സംശയമുണ്ട്. തീവ്രവാദ ബന്ധമുള്ള നാല് പേരാണ് എസ്ഐയെ വെടിവെച്ച് കൊന്നതിന്റെ പിന്നിലുള്ളത് എന്നാണ് തമിഴ്‌നാട് പൊലീസിന്റെ നിഗമനം.