തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ സംഭവം …അമ്മയ്‌ക്കെതിരെ കേസെടുക്കും…

ഇടുക്കി:  തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുക്കും.

തൊടുപുഴ ജില്ലാ കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് പ്രകാരമാണ് കേസ് എടുക്കുക. ആഡ്‌ലി സോഷ്യല്‍ ഫൗണ്ടേഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

2019 മാര്‍ച്ച്‌ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. നാലു വയസുകാരനായ ഇളയകുട്ടി സോഫയില്‍ മൂത്രം ഒഴിച്ചു എന്ന കാരണത്താല്‍ അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദ് ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അമ്മയുടെ സാന്നിധ്യത്തിലായിരുന്നു അതിക്രമം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ ഏപ്രില്‍ 6 ന് കുട്ടി മരിച്ചു. സംഭവത്തില്‍ അരുണിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കേസില്‍ കുട്ടിയുടെ അമ്മയെ മാപ്പ് സാക്ഷിയാക്കാന്‍ ആയിരുന്നു അന്വേഷണ സംഘം ശ്രമിച്ചിരുന്നത്. എന്നാല്‍ ഈ നീക്കത്തിനെതിരെ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഡ്‌ലി സോഷ്യല്‍ ഫൗണ്ടേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

യുവതിക്കെതിരെ കുറ്റവാളിയെ സംരക്ഷിക്കുക, തെളിവ് നശിപ്പിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിന്റെ ഭാഗമായി മാര്‍ച്ച്‌ മാസത്തില്‍ മുട്ടം ജുവനൈല്‍ കോടതിയില്‍ ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി അരുണ്‍ ആനന്ദ് മുട്ടം ജില്ലാ ജയിലിലാണ്.

Exit mobile version