കോട്ടയം: ഗവർണറുടെ സുരക്ഷയ്ക്കായി സ്റ്റൈഫന്റ് ലഭിക്കാത്തതിന് ഗവർണർക്ക് നിവേദനം നൽകാനെത്തിയ ദളിത് ഗവേഷണ വിദ്യാർത്ഥിനിയെ ഗവർണർ എത്തും മുൻപ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി . എം ജി സർവകലാശാല നാനോ സയൻസിലെ വിദ്യാർത്ഥിനി ദീപ ആണ് കസ്റ്റഡിയിലായത്. വൈസ് ചാൻസലർക്ക് എതിരെ പരാതി പറയാനാണ് വിദ്യാർത്ഥിനി എത്തിയത്.എന്നാൽ പൊലീസ് ബലമായി വിദ്യാർത്ഥിനിയെ പിടിച്ചു മാറ്റി കൊണ്ടുപോയി. അതേസമയം പ്രതിഷേധ സാധ്യത കണക്കിലെടുത്താണെന്ന് അറസ്റ്റ് എന്ന് പൊലീസ് അറിയിച്ചു.
സർവകലാശാലകളുടെ സ്വയംഭരണത്തിൽ രാഷ്ട്രീയക്കാർ ഇടപെടുന്നതാണ് കേരളത്തിലെ സർവകലാശാലകളുടെ അവമതിപ്പിനു കാരണമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച ഗവർണർ സർവകലാശാലയിലെത്തിയത്. വൈസ് ചാൻസിലർമാർ ചട്ടവും നിയമവും അനുസരിച്ച് മാത്രം പ്രവർത്തിച്ചാൽ മതിയെന്ന് ഗവർണർ പറഞ്ഞു. അതേസമയം ചാൻസലർ എന്ന നിലയിൽ സർവകലശാലകളുടെ സ്വയംഭരണം നിലനിർത്താൻ ഏതറ്റം വരെയും പോകുമെന്നും ഗവർണർ പറഞ്ഞു.
ഇതിനിടെ ഗവർണറെ കരിങ്കൊടി കാണിച്ച കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ തനിച്ചെത്തിയാണ് കരിങ്കൊടി കാണിച്ചത്. സർവകലാശാല കവാടത്തിൽ വച്ച് കരിങ്കൊടി കാട്ടിയ ജോർജിനെ പൊലീസ് അറസ്റ്റ് ചെയത് നീക്കുകയായിരുന്നു. പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഗവർണറെ കെ.എസ്.യു കരിങ്കൊടി കാട്ടിയത്. ദീപയ്ക്കും ജോർജ്ജ് പയസിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.