കോട്ടയം ചിങ്ങവനത്ത് നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പാലക്കാട് സ്വദേശി അനൂപ് കുമാറാ (26) ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇടുക്കി കുമളി വണ്ടിപ്പെരിയാർ സ്വദേശി ബിനു (24) വിനെ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. മണിപ്പുഴ കാർ ഷോറൂമിലെ ജീവനക്കാരായിരുന്നു ഇരുവരും. മണിപ്പുഴയിൽ നിന്നും ചിങ്ങവനം മന്ദിരം കവല ഭാഗത്ത് തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കാനായാണ് ബൈക്കിൽ ഇരുവരും എത്തിയത്. പുത്തൻപാലത്ത് സർവീസ് സ്റ്റേഷന് സമീപത്തുവച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ഓടയിലേയ്ക്ക് മറിയുകയായിരുന്നു.

അനൂപിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു. ചിങ്ങവനം പൊലീസ് കേസെടുത്തു.ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരം ചിങ്ങവനം പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അനൂപ് കുമാർ മരിച്ചിരുന്നു. ബിനു അപകട നില തരണം ചെയ്തിട്ടുണ്ട്.

Exit mobile version