ആണ്‍കുട്ടികള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത് മദ്യപിച്ചതിന് നാല് പെണ്‍കുട്ടികളെ പുറത്താക്കി.

നാഗപട്ടണം(തമിഴ്നാട്): ആണ്‍കുട്ടികള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത് മദ്യപിച്ചതിന് നാല് പെണ്‍കുട്ടികളെ പുറത്താക്കി. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് കോളേജ് അധികൃതര്‍ നടപടിയെടുത്തത്. കോളേജില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള മയിലാടുംതുറൈ എന്ന ഗ്രാമത്തില്‍ വച്ചാണ് പെണ്‍കുട്ടികളില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷിച്ചത്. ഈ ആഘോഷങ്ങള്‍ക്കിടെ ചിത്രീകരിച്ച വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

കോളേജ് യൂണിഫോമിലുള്ള മൂന്ന് വിദ്യാര്‍ത്ഥിനികളും സാധാരണ വസ്ത്രമണിഞ്ഞ ഒരു പെണ്‍കുട്ടിയേയും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇവര്‍ക്കൊപ്പമിരുന്ന് ഒരു ആണ്‍കുട്ടി മദ്യപിക്കുന്നുണ്ട്. രണ്ടാമനാണ് ദൃശ്യങ്ങള്‍ എടുക്കുന്നത്. ഇവരുടെ അറിവോ അനുവാദമോ കൂടാതെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ അപ്‍ലോഡ് ചെയ്തതെന്നാണ് വിവരം. പെണ്‍കുട്ടിയുടെ ബന്ധുവാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് കോളേജ് അധികൃതര്‍ വാദിക്കുന്നത്.

ഇവര്‍ക്കൊപ്പം മദ്യപിച്ചത് കോളേജിലെ വിദ്യാര്‍ത്ഥിയല്ലെന്നാണ് വിവരം. തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്ക് മദ്യപിക്കാന്‍ അനുവദനീയമായ പ്രായം 21 ആണ്. അടുത്ത കാലത്തായി ആണ്‍പെണ്‍ വ്യത്യാസമില്ലാതെ മദ്യപാനം കൂടുന്നതായി കാണാറുണ്ട്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കോളേജ് കടുത്ത നടപടി സ്വീകരിച്ചതെന്നാണ് സൂചന.

രക്ഷിതാക്കളുടെ അനുമതി ഇല്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ പാര്‍ട്ടി ക്രമീകരിച്ചതെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു.  കോളേജിന്‍റെ അന്തസിനേ കോട്ടം തട്ടുന്ന രീതിയില്‍ പെരുമാറിയതിനാണ് നടപടിയെന്നാണ് കോളേജില്‍ പുറത്തിറങ്ങിയ സര്‍ക്കുലര്‍ വിശദമാക്കുന്നത്. കോളേജിന് അകത്ത് വച്ചല്ല അവര്‍ മദ്യപിച്ചതെങ്കിലും അവര്‍ ഏത് കോളേജിലുള്ളവരാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും അതിനാലാണ് നടപടിയെന്നാണ് കോളേജ് അധികൃതര്‍ വിശദമാക്കുന്നത്.

Exit mobile version