കേരളത്തിൽ ഇടത് തരം​ഗം; എൽഡിഎഫ് ലീഡ് ചെയ്യുന്നത് 90 സീറ്റുകളിൽ;

തിരുവനന്തപുരം: വോട്ടെണ്ണൽ ആരംഭിച്ച ആദ്യ നിമിഷം മുതൽ ഇതുവരെ ലീഡ് നിലയിൽ പിന്നോട്ട് പോകാതെ മുന്നേറുകയാണ് സിപിഎം. നിലവിൽ 90 സീറ്റുകളിൽ ലീഡ് ചെയ്യുന്ന എൽഡിഎഫ്, ഒരു ഘട്ടത്തിൽ 93 സീറ്റുകളിലേക്ക് വരെ ലീഡ് ഉയർത്തിയിരുന്നു. കേരളത്തിൽ ഭരണത്തുടർച്ച എന്ന റിപ്പോർട്ടുകൾ തന്നെയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കേരളത്തിൽ ശക്തമായ മത്സരമാണ് ഇക്കുറി ഇടത് മുന്നണി നേരിട്ടത്. പ്രതിപക്ഷം ഉയർത്തിയ ആഴക്കടൽ‌ കരാർ വിവാദവും, കള്ളവോട്ട് വിവാദവും, കേന്ദ്ര ഏജൻസികൾ വട്ടമിട്ട് പറന്ന സ്വർണക്കടത്ത് കേസും മുന്നണിക്ക് തലവേദന സൃഷ്ടിച്ച സമയത്തായിരുന്നു തെരഞ്ഞെടുപ്പ്. എന്നാൽ, സർക്കാരിന്റെ ജനകീയ പദ്ധതികൾക്ക് ജനങ്ങൾ നൽകിയ സ്നേഹ സമ്മാനമായി മാറുകയാണ് കേരളത്തിന്റെ ചരിത്രമായി മാറുന്ന ഈ ജനവിധി.

നൂറു സീറ്റുകളിലേക്ക് ഇടത് മുന്നണി എത്തിയാലും അത്ഭുതപ്പെടേണ്ടതില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആലപ്പുഴ ജില്ലയിൽ ഒരു സീറ്റിലൊഴികെ മറ്റെല്ലാ സീറ്റുകളിലും ഇടതുമുന്നണി ലീഡ് ചെയ്യുന്നു. ഹരിപ്പാട് മണ്ഡലത്തിൽ മാത്രമാണ് യുഡിഎഫിന് ലീഡ് ഉള്ളത്. . കഴിഞ്ഞ തവണത്തെ നില വീണ്ടും ആവര്‍ത്തിക്കുന്ന കാഴ്ചയാണ് ആലപ്പുഴയില്‍ ആദ്യ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ കാണുന്നത്.ജില്ലയില്‍ ഒമ്പത് നിയോജകമണ്ഡലങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മല്‍സരിക്കുന്ന ഹരിപ്പാട് ഒഴികെ ബാക്കി എട്ടിടത്തും എല്‍ഡിഎഫ് ആണ് മുന്നേറുന്നത്.അരൂരില്‍ ദലീമ ജോജോ,ചേര്‍ത്തലയില്‍ പി പ്രസാദ്,ആലപ്പഴയില്‍ പി പി ചിത്തരഞ്ചന്‍,അമ്പലപ്പുഴയില്‍ എച്ച് സലാം,കുട്ടനാട് തോമസ് കെ തോമസ്,കായംകുളം-യു പ്രതിഭ,മാവേലിക്കര-എം എസ് അരുണ്‍കുമാര്‍,ചെങ്ങന്നൂര്‍-സജി ചെറിയാന്‍ എന്നിങ്ങനെയാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്.

തൃശ്ശൂർ ജില്ലയിൽ ഇടത് തരം​ഗം. മുഴുവൻ സീറ്റുകളിലും ഇടത് സ്ഥാനാർത്ഥികളാണ് മുന്നിട്ട് നിൽക്കുന്നത്. വിഎസ് സുനിൽ കുമാർ മാറിനിന്നതോടെ കടുത്ത മത്സരം നടന്ന തൃശ്ശൂർ മണ്ഡലത്തിൽ തുടക്കത്തിൽ യുഡിഎഫിന്റെ പദ്മജ വേണുഗോപാലും പിന്നീട് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും മുന്നേറിയിരുന്നുവെങ്കിലും നിലവിൽ 904 വോട്ടുകൾക്ക് ഇടത് സ്ഥാനാർത്ഥി പി ബാലചന്ദ്രനാണ് മുന്നേറുന്നത്.നാമനിർദ്ദേശ പത്രിക തള്ളിയതോടെ ബിജെപിക്ക് സ്ഥാനാർത്ഥിയില്ലാതായ ഗുരുവായൂരിൽ ഉൾപ്പെടെ വൻ മുന്നേറ്റത്തിലാണ് എൽഡിഎഫ് ലീഡ് ചെയ്യു്നനത്.

കഴക്കൂട്ടം നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ മൂന്നാമത്. ഇവിടെ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുന്നില്‍. കോണ്‍ഗ്രസിന്റെ എസ്.എസ് ലാലാണ് രണ്ടാമത്. കേരളത്തിൽ ഏറ്റവും ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളിൽ ഒന്നാണ് കഴക്കൂട്ടം. ബിജെപി സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രൻ വന്നതോടെ ഇടത് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ വലിയ മത്സരമാണ് നേരിടേണ്ടി വരിക എന്ന നിലയിലായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ, ഇപ്പോൾ, പുറത്ത് വരുന്ന റിപ്പോർട്ട് അനുസരിച്ച് കടകംപള്ളി സുരേന്ദ്രൻ വലിയ മുന്നേറ്റമാണ് നടത്തുന്നത്.

ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം. മണി തുടര്‍ച്ചയായ രണ്ടാം തവണയും വിജയമുറപ്പിച്ചു. 2016-ല്‍ വെറും 1109 വോട്ടിനാണ് എംഎം മണി ഉടുമ്പന്‍ചോലയില്‍നിന്ന് വിജയിച്ചത്. എന്നാല്‍ ഇത്തവണ വോട്ടെണ്ണല്‍ മൂന്നാം മണിക്കൂറിലേക്ക് കടന്നപ്പോള്‍ തന്നെ എംഎം മണിയുടെ ലീഡ് 17000 കടന്നു. യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി ഇ.എം. അഗസ്തിയാണ് ഇവിടെ രണ്ടാംസ്ഥാനത്ത്‌

Exit mobile version