മന്ത്രി കെ ടി ജലീൽ രാജി വെച്ചു; ജലീലിന്റെ രാജി ഗവർണർ അംഗീകരിച്ചു

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്‍റെ രാജി ഗവർണർ അംഗീകരിച്ചു. കാലാവധി തികയ്ക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് രാജി. ലോകായുക്ത ഉത്തരവിൽ ഹൈക്കോടതി വിധി വരാനിരിക്കെയാണ് ജലീലിന്‍റെ പടിയിറക്കം. മുഖ്യമന്ത്രി തന്നെയാണ് പാർട്ടിയുമായി ചർച്ച ചെയ്ത ശേഷം ജലീൽ രാജി വെക്കണമെന്ന് നിർദ്ദേശിച്ചത്. രാജി രാഷ്ട്രീയ ധാർമികത ഉയർത്തിപിടിക്കാനെന്നും ലവലേശം തെറ്റ് ചെയ്തിട്ടില്ലെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബന്ധുനിയമനവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീല്‍ യോഗ്യനല്ലെന്നു ലോകായുക്ത ഉത്തരവിട്ടതിന് പിന്നാലെയാണ് ജലീല്‍ രാജി വച്ചത്. ലോകായുക്ത ഉത്തരവിനെതിരെ ജലീല്‍ ഹൈക്കോടതിയില്‍ റിട്ട്. ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി മന്ത്രി കെ.ടി. ജലീല്‍ ബന്ധു കെ.ടി. അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും, മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീല്‍ യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ഉത്തരവ്.

Exit mobile version