കാണക്കാരി : കാണക്കാരി സ്വദേശി അനീഷ് സെബാസ്റ്റ്യൻ 28–ാം വയസ്സിൽ കല്യാണാലോചന തുടങ്ങിയതാണ്. പക്ഷേ, അനീഷിനിതുവരെ പെണ്ണു കിട്ടിയില്ല. 27 പേരെ കണ്ടു. ഒത്തിരി പേർ വിളിച്ചു, പക്ഷേ ഒന്നും ഒത്തില്ല. ഒടുവിൽ 36–ാം വയസ്സിലെത്തിയപ്പോൾ അതിരമ്പുഴ– കാണക്കാരി റോഡരികിൽ തടിമില്ലിന്റെ മതിലിൽ അനീഷൊരു ബോർഡു വച്ചു.
ഡിമാൻഡുകൾ ഇല്ലാതെ, മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട്, സ്നേഹമാണ് വലുതെന്ന ചിന്താഗതിയിൽ വിവാഹ ജീവിതത്തിലേക്ക് കടക്കാൻ വധുവിനെ ആവശ്യമുണ്ട്…’’സംഭവം വലിയ ഹിറ്റായി.
മാസം രണ്ടു കഴിഞ്ഞു, ബോർഡ് അവിടെ ഇരിപ്പുണ്ട്. കല്യാണക്കാര്യത്തിൽ ഒരു തീരുമാനവുമായില്ല. സമൂഹ മാധ്യമങ്ങളിൽ വമ്പൻ ഹിറ്റായ കല്യാണ ബോർഡിലെ നമ്പർ കണ്ട് അഭ്യുദയകാംക്ഷികൾ വിളിക്കുന്നുണ്ട്. എല്ലാവർക്കും അറിയേണ്ടത് ഒന്നു മാത്രം.
കല്യാണം കഴിഞ്ഞോ അനീഷേന്ന്. മറുപടി പറഞ്ഞു മടുത്തു. എന്തായാലും അനീഷ് ഒന്നുറപ്പിച്ചു: എപ്പോൾ കല്യാണം കഴിയുന്നോ, അപ്പോഴേ ബോർഡു മാറ്റൂ
