കൊച്ചി: റിമാൻഡ് തടവുകാരൻ കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീക്കിന്റെ (35) മരണത്തിൽ നിറയുന്നത് അസ്വാഭവികതകൾ. മുഖത്തും തലയുടെ പിന്നിലുമെല്ലാം വലിയ മുറിവുകളുണ്ട്. തലയുടെ പിന്നിലെ മുറിവിൽ പത്തിൽ കൂടുതൽ തുന്നലുണ്ട്. വയറിലും നടുവിലുമെല്ലാം ചതഞ്ഞ പാടുകളും രക്തം കട്ട പിടിച്ച പോലെയുള്ള അടയാളങ്ങളുമുണ്ട്.
മരണത്തിനിടയാക്കിയത് തലയ്ക്ക് ക്ഷതമേറ്റതിനെത്തുടർന്നുണ്ടായ രക്തസ്രാവമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇത് കസ്റ്റഡി കൊലപാതകത്തിന്റെ സൂചനകൾ നൽകുന്നു. ഇടതു പുരികത്തിനു മുകളിലാണ് ക്ഷതം. വീഴ്ചയിലോ തല എവിടെയെങ്കിലും ഇടിച്ചപ്പോഴോ ക്ഷതം ഉണ്ടാവാം. നട്ടെല്ലിനു ചതവുണ്ട്. ശരീരത്തിൽ മറ്റു പരുക്കുകൾ കാര്യമായില്ല. തലയിലെ പരുക്ക് എങ്ങനെ സംഭവിച്ചുവെന്നതിനെപ്പറ്റി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായ സൂചനയില്ല. നാക്കു കടിച്ച നിലയിലാണ് ഷെഫീക്ക് മരിച്ചത്.
ഷെഫീക്കിന്റെ മരണത്തെപ്പറ്റി മധ്യമേഖലാ ജയിൽ ഡിഐജി സാം തങ്കയ്യൻ അന്വേഷണം ആരംഭിച്ചു. ഡിഐജി കാക്കനാട് ജയിലിൽ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു.
‘ പൊലീസ് അവനെ തല്ലിക്കൊന്നതാണ്’ ഷെഫീക്കിന്റെ പിതാവ് മുഹമ്മദ് ഇസ്മായിൽ പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ വട്ടകപ്പാറയ്ക്കു സമീപത്തെ വീട്ടിൽ നിന്നാണു ഷെഫീക് മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊണ്ടുപോയ സമയത്തും അതിനു ശേഷവും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിച്ചില്ലെന്ന് ഇസ്മായിൽ പറഞ്ഞു. കാഞ്ഞിരപ്പള്ളി പൊലീസിനോടു ചോദിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല. ഏതു കേസിനാണെന്നു പോലും പറയാതെയാണു കൊണ്ടുപോയത്. ജയിലിൽ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുവന്നതും വൈകിയാണ് അറിയിച്ചത്-അച്ഛൻ പറയുന്നു.
തങ്ങൾ കാഞ്ഞിരപ്പള്ളിയിൽ നിന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നതിനു മുൻപു തന്നെ ഷെഫീക് മരിച്ചെന്നു ബന്ധുക്കൾ പറഞ്ഞു. മരണം സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. നെറുകയിൽ വലിയ മുറിവുണ്ട്. അടിവയറ്റിലും നടുവിന്റെ പിന്നിലും നീല നിറത്തിലുള്ള പാടുമുണ്ട്. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരനായിരുന്നു അവൻ. സഹിക്കാൻ പറ്റുന്നതിലേറെ തല്ലിയതു കൊണ്ടാണു മരിച്ചത്. നിത്യരോഗിയാണ് അവന്റെ ഭാര്യ. ഇൻസ്റ്റാൾമെന്റ് വ്യാപാരം നടത്തിയായിരുന്നു ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്-ബന്ധുക്കൾ പറയുന്നു.
