ഭാരത് ജോഡോ യാത്രയ്ക്കിടെ വഴിയോരത്ത് മോഡി അനുകൂല മുദ്രാവാക്യം; ഫ്‌ളൈയിങ് കിസ് നൽകി രാഹുൽ ഗാന്ധി, വൈറലായി വീഡിയോ

ജയ്പുർ: ഭാരത് ജോഡോ യാത്രയ്ക്കിടെ വഴിയോരത്ത് നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അനുകൂല മുദ്രാവാക്യം വിളിച്ച സംഘത്തിന് ഫ്‌ളൈയിങ് കിസ് നൽകി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. ‘മോഡിയ്ക്ക് ജയ് വിളിച്ചവരോട് രാഹുൽ എങ്ങനെയാണ് സ്നേഹം പ്രകടിപ്പിക്കുന്നതെന്ന് നോക്കൂ’ എന്ന കുറിപ്പോടെയാണ് മാധ്യമപ്രവർത്തകനായ അരുൺ കുമാർ സിങ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

റാലി കടന്നുപോകുന്നതിനിടെ മോഡി മോഡി എന്ന് ആർത്തുവിളിച്ച സംഘത്തിന് നേരെയാണ് രാഹുൽ ഗാന്ധി പുഞ്ചിരിച്ചുകൊണ്ട് ഫ്‌ളൈയിങ് കിസ് നൽകിയത്. മധ്യപ്രദേശിൽ നിന്ന് ജോഡോ യാത്ര രാജസ്ഥാനിലേക്ക് നീങ്ങുന്നതിനിടെ അഗർ-മാൾവ ജില്ലയിൽ ജോഡോ യാത്ര കടന്നുപോകുന്നതിനിടെയാണ് സംഭവം

മോഡി ആരാധകരുടെ ശബ്ദം ഉയർന്നുകേൾക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ആദ്യം മോഡിയെന്ന് ആർത്തുവിളിക്കുന്നവർക്ക് നേരെ കൈവീശിക്കാണിച്ച ശേഷം ഒപ്പമുണ്ടായിരുന്ന അനുയായികളേയും കൈവീശിക്കാണിക്കാൻ രാഹുൽ പ്രേരിപ്പിച്ചു. ആർപ്പുവിളികൾ ഉയർത്തുന്നവരേയും രാഹുൽ പ്രോത്സാഹിപ്പിച്ചു. പിന്നാലെ, ആർത്തുവിളിക്കുന്നവർക്ക് ഫ്ളൈയിങ് കിസ്സ് നൽകി രാഹുൽ ഗാന്ധി മുൻപോട്ട് പോവുകയായിരുന്നു.

Exit mobile version