സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞതു കൊണ്ട് കെ-റയില്‍ പദ്ധതി ഇല്ലാതാകില്ല: കോടിയേരി

 

സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞതുകൊണ്ട് കെ റെയില്‍ പദ്ധതി ഇല്ലാതാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ ആധുനികമായ സംവിധാനങ്ങളുണ്ട്. ഡിജിറ്റല്‍ സംവിധാനം വഴി സര്‍വേ കല്ല് എവിടെയെല്ലാമാണ് സ്ഥാപിച്ചതെന്ന് വ്യക്തമാകും. പണ്ട് നടത്തിയതു പോലെ സര്‍വേ കുറ്റി എടുത്തു മാറ്റിയാല്‍ പദ്ധതി ഇല്ലാതാക്കാം എന്നുള്ള ധാരണ മൗഢ്യമാണ്. അത്തരം സമീപനങ്ങളില്‍ നിന്നും യു.ഡി.എഫ് നേതൃത്വം പിന്തിരിയണമെന്നും കോടിയേരി പറഞ്ഞു.

യുദ്ധം ചെയ്യാനുള്ള ശേഷി കോണ്‍ഗ്രസിനില്ല. അതെല്ലാം പണ്ടേ നഷ്ടപ്പെട്ടു പോയി. ഇപ്പോള്‍ വെറും വീരസ്യം പറയാനേ അവര്‍ക്ക് കഴിയൂ. വികസനപദ്ധതികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ അവരെ ഒറ്റപ്പെടുത്തുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കെ റെയില്‍ പദ്ധതിയെ അനുകൂലിക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം പേരുമെന്നും തടസപ്പെടുത്തിയാല്‍ നിയനടപടി നേരിടേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു.

ആഭ്യന്തര വകുപ്പിനെതിരെ സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തിലും കോടിയേരി മറുപടി നല്‍കി. മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേത്. പൊലീസുകാരുടെ ഭാഗത്തു നിന്നും ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അത്തരക്കാര്‍ക്കെതിരെ വകുപ്പ് തല നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി. വകുപ്പിനു മാത്രമായി മന്ത്രി വേണമെന്ന ആവശ്യം സമ്മേളനത്തിലുയര്‍ന്നില്ലെന്നും കോടിയേരി അറിയിച്ചു.

Exit mobile version