കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും കൊച്ചിയില്‍ ഇന്നു പുലര്‍ച്ചെ നടന്ന വാഹനാപകടത്തിലായിരുന്നു മരണപ്പെട്ടത്. കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തശേഷം മടങ്ങുമ്പോള്‍ ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ഹോട്ടലിനു മുന്നില്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
അപകട സ്ഥലത്ത് വച്ച് തന്നെ ഇരുവരും മരണപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായ പരിക്കുമുണ്ട്. സൗന്ദര്യ മല്‍സരത്തില്‍ തുടങ്ങിയ ഇവരുടെ സൗഹൃദ ബന്ധം മരണത്തിലും ഒന്നിച്ചപ്പോള്‍ എന്ത് പറഞ്ഞ് കുടുംബത്തേ ആശ്വസിപ്പിക്കും എന്നറിയാതെ തേങ്ങുകയാണ് കൂട്ടുകാര്‍.
എന്നാല്‍ അന്‍സി അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ഏവരുടെയും കണ്ണ് നയ്ക്കുന്നത്. ‘പോകാന്‍ സമയമായി’ എന്നാണ് സംഗീത വിഡിയോ പങ്കുവച്ച് അന്‍സി അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. വാക്കുകള്‍ അറംപറ്റിയപോലെയാണ് അന്‍സി ഇന്ന് മരണത്തിന് കീഴടങ്ങിയത്.
കൊച്ചിയില്‍നിന്നു അന്‍ജനയുടെ തൃശൂരിലെ വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. ഇടതുവശം ചേര്‍ന്നു പോയ ബൈക്കില്‍ ഇടിക്കുന്നത് ഒഴിവാക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ മരത്തില്‍ ചെന്നിടിച്ചതാണ് ദുരന്തമായത്. അതേസമയം വാഹനാപകടത്തില്‍ മകള്‍ മരിച്ചതിനെത്തുടര്‍ന്ന് അന്‍സി കബീറിന്റെ മാതാവ് അന്‍സി കോട്ടേജില്‍ റസീന ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഇവരെ പൊലീസ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അന്‍സിയുടെ സുഹൃത്താണ് മരണവിവരം അടുത്തുള്ള വീട്ടില്‍ വിളിച്ചറിയിച്ചത്. ഇതിനിടെ മറ്റാരില്‍നിന്നോ വിവരം അറിഞ്ഞ റസീന വിഷം കഴിക്കുകയായിരുന്നു.
വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിച്ചു. ഇതിനിടെ റസീന വാതില്‍ തുറക്കുകയും ഛര്‍ദിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് ഇവരെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
