തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ജനുവരി13 മുതൽ തുറക്കും. മുഖ്യമന്ത്രി സിനിമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. വിജയ് ചിത്രം മാസ്റ്റർ തന്നെയാകും തിയേറ്ററിൽ ആദ്യമെത്തുന്ന സിനിമ.
എല്ലാ തർക്ക വിഷയങ്ങളു൦ അവസാനിച്ചു. മറ്റ് മലയാള സിനിമകൾ മുൻഗണന അടിസ്ഥാനത്തിൽ റിലീസ് ചെയ്യുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സിനിമയുടെ മുതൽമുടക്ക് അനുസരിച്ച് റിലീസ് ചെയ്യേണ്ട തിയറ്ററുകളുടെ എണ്ണം തീരുമാനിക്കു൦.
മുഖ്യമന്ത്രിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയ കുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി എന്നിവര്‍ നടത്തിയ കൂടികാഴ്ച നടത്തിയിരുന്നു.
പിന്നാലെ തിയേറ്റര്‍ ഉടമകളുടെയും നിര്‍മ്മാതാക്കളുടെയും ഉപാധികള്‍ മുഖ്യമന്ത്രി അംഗീകരിക്കുകയും പ്രതിസന്ധിയിൽ ആയിരുന്ന സിനിമാ വ്യവസായത്തെ കരകയറ്റാൻ ഉതകുന്ന രീതിയിലുള്ള ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തിയേറ്ററുകൾ തുറക്കാൻ ധാരണയായത്.
2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയില്‍ തീരുമാനിച്ചു. തിയേറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും.
2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്‍തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാൻ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.
