ആത്മഹത്യയെ പറ്റി പോലും ചിന്തിച്ചു ; എന്നെ പിടിച്ചു നിർത്തിയ ഘടകം അനിയനാണ്. ബാലതാരം സനുഷ പറയുന്നു

ബാലതാരമായി വന്ന് പ്രേക്ഷകരുടെ സ്നേഹം പിടിച്ചു വാങ്ങിയ നായികയാണ് സനുഷ.ഏറെ നാളായി സിനിമയിൽ നിന്നു വിട്ടു നിന്നിരുന്ന താരം ഇപ്പോൾ തന്നെ ബാധിച്ച വിഷാദ രോ​ഗത്തെ കുറിച്ച് തുറന്ന് പറയുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സനുഷയുടെ വെളിപ്പെടുത്തൽ.

‘ ഒരു സമയത്ത് എനിക്ക് ഏറ്റവും കൂടുതൽ മിസ് ചെയ്തത് എന്റെ ചിരിയായിരുന്നു. കൊറോണ തുടങ്ങിയ സമയം എന്നെ സംബന്ധിച്ച്, വ്യക്തിപരമായും ജോലി പരമായും വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. എന്റെ ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്ദതയും ഒക്കെ ആരോടു പറയുമെന്നോ എങ്ങനെ പറയുമെന്നോ അറിയില്ലായിരുന്നു. പക്ഷേ, ആ അനുഭവങ്ങളിലൂടെ ഞാൻ വളരുകയായിരുന്നു. ഡിപ്രഷൻ, പാനിക്ക് അറ്റാക്ക്, എല്ലാം ഉണ്ടായിട്ടുണ്ട്. ആരോടും സംസാരിക്കാൻ തോന്നിയിരുന്നില്ല. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു,

ഈ അവസ്ഥയിൽ നിന്ന് ഓടിപ്പോവുക എന്നായിരുന്നു എന്റെ മുന്നിലുള്ള ഏകമാർഗം. ഞാനെന്റെ കാർ എടുത്തു ഇറങ്ങി. വളരെ അടുത്ത ഒരാളെ മാത്രം വിളിച്ചു. എനിക്ക് കുറച്ചു ദിവസം ഒന്നു മാറി നിൽക്കണം എന്നു പറഞ്ഞു. വയനാട്ടിലേക്ക് പോയി. നിങ്ങൾ ഇപ്പോൾ കാണുന്ന ചിരിച്ചുകളിച്ചു നിൽക്കുന്ന എന്റെ ചിത്രങ്ങൾ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്നപ്പോൾ എടുത്തതാണ്.

വീട്ടിൽ പറയാൻ പേടിയായിരുന്നു. സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ കാണുന്നത് ഭ്രാന്ത് ഉള്ളവരാണ് എന്നാണ് കൂടുതലാളുകളും ഇപ്പോളും ചിന്തിക്കുന്നത്. അതൊരു മോശം കാര്യമാണെന്നാണ് പലരും കരുതുന്നത്. ആരോടും പറയാതെ ഞാനൊരു ഡോക്ടറുടെ സഹായം തേടി. മരുന്നുകൾ കഴിച്ചുതുടങ്ങി.

ആ സമയത്ത് ഞാൻ എല്ലാ കാര്യങ്ങളും പങ്കുവെച്ചത് അനിയനോടാണ്. എന്നെ പിടിച്ചുനിർത്തിയ ഘടകം അവനാണ്. ഞാൻ പോയാൽ അവനാര് എന്ന ചിന്തയാണ് ആത്മഹത്യയിൽ നിന്നും എന്നെ പിന്തിരിപ്പിച്ചത്. പിന്നെ തിരിച്ചുവരാനാകുന്ന എല്ലാം ചെയ്തു. യോഗ, ഡാൻസ് എല്ലാം ചെയ്യാൻ തുടങ്ങി. യാത്രകൾ ചെയ്തു കോവിഡ് മാനദണ്ഡങ്ങൾക്ക് ഉള്ളിൽ നിന്നു കൊണ്ട്. ഇപ്പോൾ മരുന്നുകൾ നിർത്തി ജീവിതത്തെ വീണ്ടും സ്നേഹിക്കാൻ തുടങ്ങി. എന്നെക്കുറിച്ച് ഇപ്പോഴെനിക്ക് അഭിമാനം തോന്നുന്നുണ്ട്, വിട്ടുകൊടുക്കാതിരുന്നതിന്.

എല്ലാവരോടും പറയാനുള്ളത്, സഹായം തേടുന്നതിൽ മടി കാണിക്കാതിരിക്കുക. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരുപാട് പേരുണ്ട്. ചിലപ്പോൾ നമുക്ക് പ്രിയപ്പെട്ടവരോട് പറയാൻ പറ്റാത്ത കാര്യങ്ങൾ അപരിചിതനായ ഒരാളോട്, ഒരു ഡോക്റോട് നമുക്ക് പറയാൻ സാധിച്ചേക്കാം.അതുകൊണ്ട് സഹായം തേടാൻ മടിക്കരുത്. ഈ സാഹചര്യത്തിലൂടെ ആരും കടന്നു പോകരുത്. എല്ലാവരും ഉണ്ട് ഒപ്പം, വെറും വാക്കുകളായി പറയുന്നതല്ല”

Exit mobile version