വിവാഹസര്‍ക്കാര വേദിയില്‍ വിജയ്‌ക്കൊപ്പം തൃഷയും; വൈറലായി വീഡിയോ

ചെന്നൈയില്‍ നടന്ന ഒരു വിവാഹ വിരുന്നില്‍ നടനും ടിവികെ നേതാവുമായ വിജയിയും നടി തൃഷയും പങ്കെടുത്ത വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇരുവരും ഒരു വാഹനത്തില്‍ വന്നിറങ്ങി വിവാഹ സത്കാരത്തിന് പങ്കെടുക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

വിജയിയുടെ ഭാര്യ വിവാഹമോചന ഹര്‍ജി കൊടുത്തതിനു ശേഷം ഇരുവരും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുന്നതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലായിരിക്കുകയാണ്. വിജയിയുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം കൊടുത്ത ഹര്‍ജിയില്‍ വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. ആ നടി തൃഷയാണെന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ വന്നതിനു ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരു വേദിയിലെത്തിയിരിക്കുന്നത്.

അതേസമയം വിജയ് ഭാര്യ സംഗീതയ്ക്കും മക്കളായ ജെയ്സണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിവര്‍ക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതി നടപടികളിലേക്ക് പോകാതെ പ്രശ്‌നം പരിഹരിക്കാന്‍ വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും കേള്‍ക്കുന്നു. ഈ തുക കൈമാറുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിട്ടില്ല. സംഗീത ഈ നിര്‍ദേശം സ്വീകരിച്ചോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇരു കക്ഷികളും പരസ്പര ധാരണയിലെത്തിയാല്‍ വിവാഹമോചന ഹര്‍ജി പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി ഗുരുതര ആരോപണങ്ങളാണ് വിജയ്ക്കു നേരെ ഹര്‍ജിയില്‍ ഭാര്യ സംഗീത ഉന്നയിക്കുന്നത്. വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും, ആ ബന്ധത്തെ കുറിച്ച് 2021ല്‍ അറിഞ്ഞപ്പോള്‍ വിലക്കിയിട്ടും വീണ്ടും അത് തുടര്‍ന്നത് തനിക്ക് വളരെ അധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് തുടങ്ങി നിരവധി ആരോപണങ്ങളാണ് ഹര്‍ജിയില്‍ പറയുന്നത്. ഇരുവരും നീലാങ്കരയിലെ വീട്ടില്‍ അകന്നു കഴിയുകയായിരുന്നു.

മകന്‍ ജേസണ്‍ സഞ്ജയ്, മകള്‍ ദിവ്യ സാഷ എന്നിവര്‍ നിലവില്‍ അമ്മയ്‌ക്കൊപ്പമാണ് നില്‍ക്കുന്നതെന്നാണ് സൂചനകള്‍. വിജയ്യുടെ രാഷ്ട്രീയ പരിപാടികളില്‍ നിന്നും കുടുംബ ചടങ്ങുകളില്‍ നിന്നും ഇവര്‍ വിട്ടുനില്‍ക്കുന്നത് ആരാധകര്‍ക്കിടയില്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. 1998-ല്‍ യുകെയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ഇരുവര്‍ക്കും രണ്ടു മക്കളുണ്ട്.

Exit mobile version