കഴിഞ്ഞദിവസം നടൻ അജു വർഗീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രം വൈറലായി മാറിയിരുന്നു. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രമായിരുന്നു അജു പങ്കുവച്ചത്. നടൻമാരായ പൃഥ്വിരാജിനെയും ഉണ്ണി മുകുന്ദനെയും ടൊവിനോ തോമസിനെയും ടാഗ് ചെയ്ത് ഇവരാണെന്റെ ഹീറോസ് എന്ന ക്യാപ്ഷനോടെയായിരുന്നു അജുവിന്റെ പോസ്റ്റ്.
പോസ്റ്റിന് കമന്റുമായി താരങ്ങളും എത്തിയതോടെ ചിത്രം കൂടുതൽ ചർച്ചയായി. എന്നാലിപ്പോൾ അതിന്റ തുടർച്ചയായി ഒരു റീൽ പങ്കുവെച്ചിരിക്കുകയാണ് അജുവിന്റെ ഭാര്യ അഗസ്റ്റീന അജു. അജു വർഗീസിന്റെ ഒരു രസകരമായ റീലാണ് അഗസ്റ്റീന പങ്കുവെച്ചത്. പണിയെടുക്കാതെ ശരീരഭാരം കുറയ്ക്കാനൊരുങ്ങുന്നവരെ പരിഹസിക്കുന്ന ഒരു റീൽ അടുത്തിടെ വൈറലായിരുന്നു.
ഇതിന്റെ അജു വർഗീസ് വേർഷനാണ് അഗസ്റ്റീന പങ്കുവെച്ചത്. വ്യായാമം ഇല്ലാതെ ഫാസ്റ്റ് ഫുഡ് ഉൾപ്പെടെ കഴിച്ചു കൊണ്ടുതന്നെ എങ്ങനെ മെലിഞ്ഞ് നീളം വെക്കാം എന്ന് ‘സിരി’യോട് അജു ചോദിക്കുന്നതായാണ് റീലിലുള്ളത്. റീൽ പങ്കുവെച്ച ഉടനെ തന്നെ ആരാധകരും താരങ്ങളും കമന്റുമായെത്തി.
‘നിങ്ങളുടെ ഹീറോ ഇപ്പോ എന്തെടുക്കുകയാണ്’, എന്ന ക്യാപ്ഷനോടെയാണ് അഗസ്റ്റീന റീൽ പങ്കുവച്ചിരിക്കുന്നത്. അജു വർഗീസും ഇത് ഷെയർ ചെയ്തിട്ടുണ്ട്. സിരി വരെ അടിച്ചു പോയി ചോദ്യം കേട്ടിട്ട്, സിരിയോട് പറഞ്ഞിട്ട് കാര്യം ഇല്ല ജെമിനിയോട് പറഞ്ഞാ മതി എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ.
മുൻപ് അജു പങ്കുവച്ച ചിത്രങ്ങൾക്ക് ഉണ്ണി മുകുന്ദനും ഷറഫുദ്ദീനും നൽകിയ കമന്റുകൾ വൈറലായി മാറിയിരുന്നു. ‘കളമശ്ശേരിയിൽ കുട്ടൻ പാൽക്കറിയും ക്രിസ്പി പൊറോട്ടയും ഉണ്ട്, പോയാലോ എന്നായിരുന്നു നടൻ ഷറഫുദ്ദീന്റെ കമന്റ്. അളിയാ മിണ്ടരുത്, ഫസ്റ്റ് ഡേ തന്നെ സപ്ലി ആക്കല്ലേ’, എന്നാണ് ഇതിന് അജു മറുപടി നൽകിയത്. നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത സർവം മായയാണ് അജു വർഗീസിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
