യാത്ര പറയാതെ ശ്രീനിവാസൻ മടങ്ങിയെന്ന് നടൻ മോഹൻലാൽ. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു തങ്ങളുടെ സ്നേഹബന്ധം എന്നും, ഇരുവരും ഒന്നിച്ച കഥാപാത്രങ്ങൾ കാലാതീതമായി നിലനിൽക്കുന്നത് ശ്രീനിവാസന്റെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച അനുശോചന കുറിപ്പിൽ മോഹൻലാൽ കുറിച്ചു.
മോഹൻലാലിന്റെ കുറിപ്പ്
“യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളിൽ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തൻ്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ കണ്ടു.
സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്ക്രീനിൽ കണ്ടു. മധ്യവർഗ്ഗത്തിൻ്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്കരിക്കാൻ ശ്രീനിയെപ്പോലെ മറ്റാർക്ക് കഴിയും. ഞങ്ങൾ ഒന്നിച്ച കഥാപാത്രങ്ങൾ കാലാതീതമായി നിലനിൽക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്.
സമൂഹത്തിൻ്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിൻ്റെ സൃഷ്ടികൾ. വേദനയെ ചിരിയിൽ പകർത്തിയ പ്രിയപ്പെട്ടവൻ. സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു.. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു…,” മോഹൻലാൽ കുറിച്ചു.
മലയാള സിനിമയിലെ അദ്വിതീയനായ പ്രതിഭയാണ് ശ്രീനിവാസൻ. ഇന്നു രാവിലെ 8.30 ഓടെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണ്ണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നുമുതൽ എറണാകുളം ടൗൺ ഹാളിൽ ശ്രീനിവാസന്റെ ഭൗതിക ശരീരം പൊതുദർശനത്തിനുവെക്കും. വൈകീട്ട് മൂന്നുവരെ പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാം. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും.
മലയാള സിനിമയിലെ ഇതിഹാസ കലാകാരൻ ശ്രീനിവാസന്റെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തുമ്പോൾ, വിധി കാത്തുവെച്ച ക്രൂരമായ യാദൃശ്ചികതയിൽ വിങ്ങുകയാണ് മകൻ ധ്യാൻ. ധ്യാനിന്റെ മുപ്പത്തിയേഴാം ജന്മദിനത്തിലാണ് ശ്രീനിവാസൻ ഈ ലോകത്തോട് വിടപറഞ്ഞത്. ജന്മദിനത്തിൽ ധ്യാനിന് മുന്നിലേക്ക് എത്തിയത് അച്ഛന്റെ മരണവാർത്തയാണ്.
കോഴിക്കോട്ടെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്ന ധ്യാൻ, വിവരമറിഞ്ഞ ഉടൻ തന്നെ കൊച്ചിയിലെ വീട്ടിലേക്ക് തിരിച്ചു. അച്ഛന്റെ ചേതനയറ്റ ശരീരത്തിന് അരികിലിരുന്ന് കരച്ചിലടക്കാനാവാതെ പൊട്ടിക്കരയുന്ന ധ്യാനിന്റെ ദൃശ്യങ്ങൾ കണ്ടുനിന്നവരെയെല്ലാം നൊമ്പരപ്പെടുത്തി. ഒരു ചിരിയോടെയല്ലാതെ അച്ഛനെക്കുറിച്ച് സംസാരിക്കാത്ത മകനാണ് ധ്യാൻ. ധ്യാനിന്റെ അഭിമുഖങ്ങളിലെല്ലാം എല്ലായ്പ്പോഴും ശ്രീനീവാസന്റെ കഥകളും ഇരുവർക്കുമിടയിലെ തമാശകളും പിണക്കങ്ങളുമൊക്കെ നിറഞ്ഞുനിന്നിരുന്നു.
ഇന്ന് രാവിലെ ഡയാലിസിസിനായി പോകും വഴിയുണ്ടായ ശ്വാസതടസ്സമാണ് മരണകാരണം. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം കണ്ടനാട്ടെ വീട്ടിലെത്തിച്ചു. അവിടെ വെച്ച് മെഗാസ്റ്റാർ മമ്മൂട്ടിയും ഭാര്യ സുൽഫത്തും നേരിട്ടെത്തി അന്തിമോപചാരം അർപ്പിച്ചു. ഏറെനേരം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
നിലവിൽ എറണാകുളം ടൗൺഹാളിൽ പൊതുദർശനം പുരോഗമിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട താരത്തെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് ടൗൺഹാളിലേക്ക് ഒഴുകിയെത്തുന്നത്. മൂന്ന് മണി വരെയാണ് ഇവിടെ പൊതുദർശനം നിശ്ചയിച്ചിട്ടുള്ളത്.
സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
മലയാള സിനിമയുടെ ഭാവുകത്വം മാറ്റിയെഴുതിയ ഈ മഹാപ്രതിഭയ്ക്ക് നാളെ നാട് വിട നൽകും. നാളെ രാവിലെ പത്ത് മണിക്ക് ഉദയംപേരൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയ ആ വലിയ കലാകാരൻ മടങ്ങുമ്പോൾ മലയാള സിനിമയ്ക്ക് ഇത് ഒരു യുഗത്തിന്റെ അന്ത്യമാണ്.