തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മഞ്ഞുമ്മല്‍ ബോയ്‌സിലെ സുഭാഷ്; യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും

ഏലൂര്‍: മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ജനപ്രിയ ചിത്രം കണ്ടവരാരും അതിലെ സുഭാഷിനെ മറക്കാനിടയില്ല. യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സും ചിത്രം ഇറങ്ങിയതിന് ശേഷം ഏറെ ജനശ്രദ്ധ നേടിയിരുന്നു. മഞ്ഞുമ്മൽ ബോയ്‌സിലെ സുഭാഷ് ചന്ദ്രൻ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടാനൊരുങ്ങുകയാണ്. ഏലൂര്‍ നഗരസഭയിലെ 27-ാം വാര്‍ഡായ മാടപ്പാട്ടുനിന്നാണ് സുഭാഷ് ചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

2006 സെപ്തംബറില്‍ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് ടൂര്‍ പോയ പത്തംഗ സംഘത്തില്‍ സുഭാഷുമുണ്ടായിരുന്നു. ഗുണ പോയിന്റില്‍ 600 അടിയോളം താഴ്ച്ചയുള്ള കൊക്കയിലേക്കാണ് സുഭാഷ് വീണത്. 87 അടി താഴ്ച്ചയില്‍ തങ്ങി നിന്നു. ഗുണ പോയിന്റിലെ കൊക്കയില്‍ വീണാല്‍ തിരികെ ജീവിതത്തിലേക്ക് വരാനുള്ള സാധ്യത തീരെ കുറവാണ്. എന്നാല്‍ സുഭാഷിന്റെ സുഹൃത്തുക്കള്‍ അതിസാഹസികമായി അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചു. മറ്റ് സുഹൃത്തുക്കളുടെ സഹായത്തോടെ വേലശ്ശേരി സിജു ഡേവിഡ് എന്ന കുട്ടേട്ടന്‍ കൊക്കയിലേക്ക് ഇറങ്ങി സുഭാഷിനെ പുറത്ത് കൊണ്ടുവരികയായിരുന്നു. ഇവരുടെ യാത്രയുടെയും അതിജീവനത്തിന്റെയും കഥയാണ് 2024ല്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തില്‍ പറയുന്നത്.

ചിത്രത്തില്‍ സുഭാഷിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീനാഥ് ഭാസിയായിരുന്നു. അവിശ്വസനീയമാം വിധത്തില്‍ ജീവിതത്തിലേക്ക് തിരികെയെത്തിയ സുഭാഷ് കന്നി അംഗത്തിന് ഒരുങ്ങുന്നത് ജയിക്കും എന്ന ദൃഢനിശ്ചയത്തോടെയാണ്.

Exit mobile version