കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗീകാതിക്രമണ പരാതി റദ്ദാക്കി ഹൈക്കോടതി. സ്ത്രീയുടെ അന്തസിനെ ഹനിക്കുന്ന രീതിയിൽ പെരുമാറിയെന്ന് കാട്ടി എറണാകുളം നോർത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസാണ് ജസ്റ്റിസ് സി. പ്രതീപ് കുമാർ റദ്ദാക്കിയത്. കേസെടുക്കാനുളള കാലപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് നടി രഞ്ജിത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. രഞ്ജിത്തിനെതിരെ നിയമനടപടിക്കില്ലെന്ന് വ്യക്തമാക്കിയ നടി പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് നടി വെളിപ്പെടുത്തിയത്. ആരോപണം ഉയർന്നുവന്ന സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജിവെച്ചിരുന്നു.
അതേസമയം, രഞ്ജിത്തിനെതിരായ മറ്റൊരു ലൈംഗികപീഡനക്കേസ് ഈ വർഷം ജൂണിൽ കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. കോഴിക്കോട് സ്വദേശിയായ യുവാവിനെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം നൽകി ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ലൈംഗിക അതിക്രമണത്തിന് ഇരയാക്കി എന്നായിരുന്നു കോഴിക്കോട് സ്വദേശിയുടെ പരാതി.
