ദുൽഖറും അമിത് ചക്കാലക്കലും ചോദ്യമുനയിലേക്ക്; ഇ ഡി നോട്ടീസ് നൽകും, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ നിർദേശം

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടപടികള്‍ കടുപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാനായി നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലക്കല്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കും. കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യലിലേക്ക് കടക്കുക. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കാന്‍ ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും കാര്‍ ഡീലര്‍മാരുടെ ഓഫീസ്, ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസ് എന്നിവിടങ്ങളായിരുന്നു ഒരേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തിയത്. തുടര്‍ന്ന് രേഖകള്‍ പിടച്ചെടുത്തിരുന്നു. ഭൂട്ടാന്‍ വാഹനക്കടത്തില്‍ ‘ഓപ്പറേഷന്‍ നുംഖൂര്‍’ എന്നപേരില്‍ കസ്റ്റംസ് അന്വേഷണം നടത്തിവരവെയാണ് ഇഡി അന്വേഷണവും.

ഫെമ നിയമലംഘനം നടന്നെന്ന നിഗമനത്തിലായിരുന്നു ഇ ഡി പരിശോധന. വാഹനക്കടത്തുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പും ലഹരിക്കടത്തും സംശയനിഴലിലുള്ളതിനാല്‍ ആദായനികുതി വകുപ്പും എന്‍സിബിയും അന്വേഷണം നടത്തിയേക്കും. അതേസമയം നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നാണ് ദുല്‍ഖര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.

ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും താരങ്ങളുടെ വീട്ടില്‍ റെയ്ഡ് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. ഇതില്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ദുല്‍ഖറിന് ആശ്വാസ വിധിയായിരുന്നു കോടതിയില്‍ നിന്നുണ്ടായത്. ദുല്‍ഖറിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Exit mobile version