സംഗീത പ്രേമികളുടെ ഹൃദയം കവർന്ന യുവഗായിക ആര്യാ ദയാൽ വിവാഹിതയായി. അഭിഷേക് എസ് ആണ് വരൻ. യാതൊരു ആർഭാടങ്ങളുമില്ലാതെ ലളിതമായ രജിസ്റ്റർ വിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ഇരുവരും വിവാഹ സർട്ടിഫിക്കറ്റ് ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ ആര്യ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ആരാധകരും സിനിമാരംഗത്തുള്ളവരും ആശംസകൾ അറിയിച്ച് കമൻ്റ് ചെയ്തിട്ടുണ്ട്.
കണ്ണൂർ സ്വദേശിയായ ആര്യ ദയാൽ 2016-ൽ ‘സഖാവ്’ എന്ന കവിത ആലപിച്ചതിലൂടെയാണ് ആദ്യം ശ്രദ്ധ നേടുന്നത്. എന്നാൽ, ആര്യക്ക് രാജ്യമെമ്പാടും പ്രശസ്തി നേടിക്കൊടുത്തത് കോവിഡ് കാലത്ത് പങ്കുവച്ച് ചില കവർ സോങ്ങുകളാണ്.
കർണാടക സംഗീതവും വെസ്റ്റേൺ പോപ്പ് സംഗീതവും സംയോജിപ്പിച്ചുകൊണ്ടുള്ള ആര്യയുടെ ഫ്യൂഷൻ ഗാനങ്ങൾക്ക് മികച്ച സ്വീകാര്യത ലഭിച്ചു. എഡ് ഷീരൻ്റെ ‘Shape of You’ എന്ന ഗാനത്തിന് കർണാടക സംഗീതത്തിലെ സ്വരങ്ങൾ ചേർത്തുള്ള ആര്യയുടെ കവർ സോംഗ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ വരെ പങ്കുവെച്ചതോടെയാണ് ആര്യ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ആര്യയുടെ പാട്ട് കേട്ട് ആശുപത്രി ദിനങ്ങൾ മനോഹരമായി എന്ന് ബച്ചൻ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചിരുന്നു.
തുടർന്ന്, ‘ബ്രഹ്മാസ്ത്ര’, ‘ബേബി’, ‘ഉടൻപിറപ്പേ’ തുടങ്ങിയ സിനിമകളിലെ ഗാനങ്ങളിലൂടെ പിന്നണി ഗാനരംഗത്തും ആര്യ തൻ്റെ സാന്നിധ്യം അറിയിച്ചു. സ്വതന്ത്രമായി സംഗീതം ചെയ്ത ഗാനങ്ങൾ ആര്യ തൻ്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കാറുണ്ട്.
