മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: പ്രതിപ്പട്ടികയില്‍ കൂടുതൽ പേരെ ചേർക്കണമെന്ന് ആവശ്യം; റിപ്പോര്‍ട്ടു തേടി കോടതി

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ, കൂടുതല്‍ പേരെ പ്രതി പട്ടികയില്‍ ചേര്‍ക്കണമെന്ന ആവശ്യത്തില്‍ റിപ്പോര്‍ട്ടു തേടി കോടതി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് മരട് പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്.

മണി ലെന്‍ഡിങ് ആക്ട് പ്രകാരം ലിസ്റ്റിന്‍ സ്റ്റീഫന്‍, സുജിത്ത് നായര്‍, മാര്‍വാസീന്‍ തുടങ്ങിയവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ അരൂര്‍ സ്വദേശി സിറാജ് ആണ് കോടതിയെ സമീപിച്ചത്. പറവ ഫിലിംസിന് ലിസ്റ്റിന്‍ 7 കോടി നല്‍കിയെന്നും 9 കോടിയായി തിരിച്ചെടുത്തെന്നും പരാതിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു.

നിലവില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ഹാജരാക്കിയ രേഖകളും അക്കൗണ്ടുകളും വ്യാജമാണെന്നാണ് സിറാജിൻ്റെ ആരോപണം.

ലാഭ വിഹിതം നൽകാമെന്ന കരാറിൽ പണം വാങ്ങി വഞ്ചിച്ചെന്ന സിറാജിൻ്റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങൾ നിര്‍മ്മാതാക്കളുടെ പേരില്‍ ചുമത്തിയിരുന്നു. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നാണ് പരാതി. 7 കോടി മുടക്കിയിട്ടും ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നാണ് പരാതിയിലെ ആരോപണം. ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്.

Exit mobile version