വണ്ണം കുറച്ചത് ഖുശ്ബു മാത്രമല്ല, മക്കളും; അമ്പരപ്പിക്കുന്ന മാറ്റം

ശരീര ഭാരം കുറയ്ക്കുകയെന്നത് ജീവിതത്തിൽ വെല്ലുവിളിയായി ഏറ്റെടുത്ത് വിജയം കൈവരിച്ച നിരവധി പേരുണ്ട്. നടി ഖുശ്ബുവും ശരീര ഭാരം കുറയ്ക്കുകയെന്ന ഉറച്ച തീരുമാനമെടുത്ത് ഫിറ്റ്നസ് പ്രേമികളെ അമ്പരപ്പിച്ച താരമാണ്. 54-ാം വയസിലാണ് ഖുശ്ബു ശരീര ഭാരം കുറച്ച് ഞെട്ടിച്ചത്.

2020 ൽ കോവിഡ് സമയത്താണ് ഖുശ്ബുവിന്റെ ശരീര ഭാരം കുറയ്ക്കാനുള്ള യാത്ര തുടങ്ങുന്നത്. അപ്പോൾ 93 കിലോയായിരുന്നു താരത്തിന്റെ ഭാരം. യോഗയും കർശനമായ ഭക്ഷണക്രമവും പതിവ് വ്യായാമത്തിലൂടെയും ഖുശ്ബുവിന് ശരീര ഭാരം 20 കിലോ കുറയ്ക്കാൻ സാധിച്ചു. എന്നാൽ, ഖുശ്ബു മാത്രമല്ല, മക്കളും ശരീര ഭാരം കുറച്ച് ഞെട്ടിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഖുശ്ബു പങ്കുവച്ച കുടുംബ ചിത്രങ്ങളിൽ അമ്മയ്ക്കും മക്കൾക്കും വലിയ മാറ്റമാണ് കാണാനാവുന്നത്. അമ്മയും മക്കളും എങ്ങനെയാണ് ഇത്ര വണ്ണം കുറച്ചതെന്നാണ് പലരും ചോദിക്കുന്നത്.

ജിമ്മിൽ പോകാതെ, വീട്ടിൽ വ്യായാമം ചെയ്തും വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം കഴിച്ചുമാണ് ശരീര ഭാരം കുറച്ചതെന്ന് ഖുശ്ബു അടുത്തിടെ പറഞ്ഞിരുന്നു. കോവിഡ് സമയത്ത് 8,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഞങ്ങളുടെ വീട്ടിൽ അന്ന് ജോലിക്കാർ ഇല്ലാതിരുന്നതിനാൽ, പുലർച്ചെ 4 മണി മുതൽ ഞാൻ എല്ലാ ജോലികളും സ്വയം ചെയ്യാൻ തുടങ്ങി. പാചകം, വീട് വൃത്തിയാക്കൽ, പാത്രങ്ങൾ കഴുകൽ, തുണി അലക്കൽ എന്നിവയെല്ലാം ചെയ്തു. ഈ ജോലികൾ ചെയ്യാൻ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഓടുമ്പോൾ, എന്റെ ചർമ്മവും മുടിയും ഉൾപ്പെടെ എല്ലാം ആരോഗ്യകരമായി മാറുന്നത് ഞാൻ ശ്രദ്ധിച്ചു. എനിക്ക് കൂടുതൽ ഫിറ്റ്നസും തോന്നിയെന്ന് ഖുശ്ബു വ്യക്തമാക്കി.

ശരീര ഭാരം കുറയ്ക്കാനുള്ള യാത്ര ഞാൻ ആസ്വദിച്ചാണ് ചെയ്തത്. എന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ ഒന്നും തന്നെ ഒഴിവാക്കിയില്ല. ഐസ്ക്രീം മുതൽ മധുരപലഹാരങ്ങൾ വരെ എല്ലാം മിതമായി കഴിച്ചു. എവിടെ നിർത്തണമെന്ന് എനിക്കറിയാമായിരുന്നു. ഭാരം കുറയ്ക്കുന്നത് എളുപ്പമാണ്. അത് നിലനിർത്തുക എന്നതാണ് ബുദ്ധിമുട്ടുള്ള കാര്യം. 6 മാസത്തിനുള്ളിൽ ഭാരം കുറയ്ക്കുകയും അടുത്ത 6 മാസത്തിനുള്ളിൽ വീണ്ടും 10 കിലോ കൂടുകയും ചെയ്യുന്നതിൽ അർത്ഥമില്ലെന്ന് ഖുശ്ബു അഭിപ്രായപ്പെട്ടു.

ശരീര ഭാരം കുറയ്ക്കാൻ എപ്പോഴും വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. പട്ടിണി കിടന്നാലും ശരീര ഭാരം കുറയില്ല. ഒരു ദിവസം 5-6 തവണ ഭക്ഷണം കഴിക്കാം. ചോറും ചപ്പാത്തിയും, ബ്രെഡും ചപ്പാത്തിയും, ചോറും ബ്രെഡും ഇങ്ങനെ മിക്സ് ചെയ്ത് കഴിച്ചാൽ ശരീര ഭാരം കുറയില്ല. മൈദ അടങ്ങിയ ഒരു ഉത്പന്നങ്ങളും വേണ്ട. ഒരു ശരീര ബോഡിക്കും മൈദ നല്ലതല്ല. രണ്ടു ബിസ്കറ്റ് നാലു ചപ്പാത്തിക്ക് തുല്യമാണെന്നും ഖുശ്ബു അഭിപ്രായപ്പെട്ടു. ഒരു ദിവസം ബിസ്കറ്റോ മറ്റെന്തെങ്കിലും കഴിക്കുന്നുവെങ്കിൽ ആ ദിവസത്തിലെ മറ്റു ഭക്ഷണം നിയന്ത്രിക്കണമെന്ന് അവർ പറഞ്ഞു.
————

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Exit mobile version