ദേശീയ പുരസ്കാര നിറവിൽ ഉർവശിയും വിജയരാഘവനും;മലയാളത്തിന് 5 ദേശീയ പുരസ്കാരങ്ങൾ

71-ാമത് നാഷണൽ ഫിലിം അവാർഡ്സിൽ മലയാളത്തിന് മികച്ച നേട്ടം. മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം ഉർവശി സ്വന്തമാക്കിയപ്പോൾ, മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കിയത് വിജയരാഘവനാണ്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഉർവശിയ്ക്ക് പുരസ്കാരം. അതേസമയം, ഗണേഷ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘പൂക്കാലം’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവൻ സ്വന്തമാക്കി.

ഉള്ളൊഴുക്കിനും പൂക്കാലത്തിനും ഇരട്ടി മധുരം

മികച്ച സഹനടനും സഹനടിയ്ക്കുമുള്ള അവാർഡുകൾക്ക് വിജയരാഘവനെയും ഉർവശിയേയും അർഹമാക്കിയ പൂക്കാലം, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങൾക്ക് ഇരട്ടി മധുരം സമ്മാനിച്ചിരിക്കുകയാണ് 71-ാമത് നാഷണൽ ഫിലിം അവാർഡ്സ്. രണ്ടു അവാർഡുകളാണ് ഈ രണ്ടു ചിത്രങ്ങളെയും തേടിയെത്തിയത്.

ക്രിസ്റ്റോ ടോമി ഒരുക്കിയ ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം, പൂക്കാലത്തിലൂടെ മിഥുൻ മുരളി മികച്ച എഡിറ്റിർക്കുള്ള പുരസ്കാരവും നേടി.

ജൂഡ് ആന്തണിയുടെ സംവിധാനത്തിലൊരുങ്ങിയ ‘2018’ എന്ന ചിത്രത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള പുരസ്കാരം മോഹൻദാസ് സ്വന്തമാക്കി.

മികച്ച നടനുള്ള പുരസ്കാരങ്ങൾ ഷാരൂഖ് ഖാൻ, വിക്രാന്ത് മാസി എന്നിവർ പങ്കിട്ടു. ‘ജവാൻ’ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് ഷാരൂഖ് ഖാനെ തേടി ദേശിയ പുരസ്കാരം എത്തിയത്.

ഏറെ ശ്രദ്ധനേടിയ ‘ട്വൽത്ത് ഫെയിൽ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്രാന്ത് മാസിയ്ക്ക് പുരസ്കാരം. ‘മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ റാണി മുഖര്‍ജി മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം സ്വന്തമാക്കി.

Exit mobile version