ഞാനെപ്പോഴും ആരാധിച്ചിരുന്ന എന്റെ പ്രിയപ്പെട്ട ഹീറോ; സന്തോഷം പങ്കിട്ട് അഭിനയ

ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് അഭിനയ. തന്റെ പ്രിയപ്പെട്ട ഹീറോയെ കണ്ടുമുട്ടിയ സന്തോഷം പങ്കിടുകയാണ് അഭിനയ ഇപ്പോൾ.

താൻ എപ്പോഴും ആരാധിച്ചിരുന്ന പ്രിയപ്പെട്ട ഹീറോ എന്നാണ് നടൻ ടൊവിനോ തോമസിനെ അഭിനയ വിശേഷിപ്പിക്കുന്നത്. “ഞാൻ എപ്പോഴും ഏറ്റവും ആരാധിച്ചിരുന്ന ഒരാളെ കണ്ടുമുട്ടാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. നിങ്ങളാണ് എന്റെ റിയൽ ഫേവറേറ്റ് ഹീറോ,” ടൊവിനോയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ട് അഭിനയ കുറിച്ചു.

18 വർഷത്തിനിടയിൽ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി 58 ഓളം ചിത്രങ്ങൾ അഭിനയ ഇതിനകം പൂർത്തിയാക്കി. നാടോടികളാണ് ആദ്യം ബ്രേക്ക് സമ്മാനിച്ച ചിത്രം. ഐസക് ന്യൂട്ടൺ S/O ഫിലിപ്പോസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ മലയാളം സിനിമയിലെത്തിയത്. മലയാളത്തിൽ ഇതിനകം അഞ്ചു ചിത്രങ്ങളിൽ അഭിനയ അഭിനയിച്ചു കഴിഞ്ഞു.

കല കൊണ്ട് എല്ലാ പരിമിതികളെയും മറികടന്ന പെൺകുട്ടിയാണ് അഭിനയ. കേൾവിയോ സംസാരശേഷിയോ ഇല്ലാത്ത അഭിനയ, കഥാപാത്രത്തിന്റെ ഉള്ളുതൊട്ടറിഞ്ഞു അഭിനയിക്കുന്നത് കാണുമ്പോൾ പ്രേക്ഷകർക്കും വിസ്മയമാണ് ഈ പെൺകുട്ടി. തന്റെ ഡഫ് കമ്മ്യൂണിറ്റിയ്ക്ക് ഒരു മോഡൽ സെറ്റ് ചെയ്യണമെന്നുണ്ട് എന്നാണ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ മുൻപു അഭിനയ പറഞ്ഞത്. “നമുക്കു ചുറ്റും ഡഫ് ആയിട്ടുള്ള, ടാലന്റഡായിട്ടുള്ള ഒരുപാട് പേരുണ്ട്. അവരെന്നെ കാണുമ്പോൾ മോട്ടിവേറ്റ് ആവും, തിരിച്ച് അവരിൽ നിന്നു ഞാനും മോട്ടിവേഷൻ എടുക്കാറുണ്ട്. കേൾവിയുള്ള ഒരാൾക്കേ നല്ല കഥാപാത്രങ്ങളെ ചെയ്യാൻ പറ്റൂ, അവർക്കേ അഭിനയിക്കാൻ പറ്റൂ, ഡഫ് ആയ ആൾക്ക് പറ്റില്ല എന്നൊന്നുമില്ല. ഡഫ് ആണെങ്കിലും കേൾവിയുണ്ടെങ്കിലും ഈക്വൽ ആണ്. നമ്മുടെ ടാലന്റും സ്കില്ലും മാത്രമാണ് ഇവിടെ പ്രധാനം. ആ ഒരു കാര്യത്തിൽ ഞാൻ സെൽഫ് മോട്ടിവേറ്റഡ് ആവാറുണ്ട്. എന്റെ ഈ ഡഫ് കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി ഞാനൊരു മോഡൽ സെറ്റ് ചെയ്യണമെന്നും, അതുവഴി അവരുടെ കോൺഫിഡൻസും ബൂസ്റ്റ് ചെയ്യാൻ പറ്റണമെന്നും ആഗ്രഹിക്കാറുണ്ട്.”

അടുത്തിടെയായിരുന്നു അഭിനയയുടെ വിവാഹം. അഭിനയയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്തായ വെഗേശന കാർത്തിക് (സണ്ണി വർമ്മ) ആണ് വരൻ. പതിനഞ്ച് വർഷത്തോളം നീണ്ട സൗഹൃദം വിവാഹത്തിൽ എത്തുകയായിരുന്നു.

Exit mobile version