സൂര്യ മുതൽ ടൊവിനോ വരെ; കൈനിറയെ ചിത്രങ്ങളുമായി മമിത തിരക്കിലാണ്

യുവനടിമാരിൽ ഏറ്റവും ശ്രദ്ധേയയായ നായികമാരിൽ ഒരാളാണ് മമിത ബൈജു. പ്രേമലുവിന്റെ വിജയത്തോടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. തമിഴിൽ വിജയ്, സൂര്യ, ധനുഷ് തുടങ്ങിയ താരങ്ങളുടെ പുതിയ സിനിമകളിൽ അഭിനയിക്കുന്ന മമിതയ്ക്ക് മലയാളത്തിൽ നിവിൻപോളി, ടൊവിനോ തോമസ് എന്നിവരാണ് നായകന്മാരായി എത്തുന്നത്.

വിജയ് ചിത്രം ജനനായകനിൽ മമിത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെ പൂർത്തിയായിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആണ്. ബോബി ഡിയോള്‍, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി എന്നിവരും ചിത്രത്തിലുണ്ട്. 2026 ജനുവരി 9ന് ജനനായകൻ തിയേറ്ററിലെത്തും.

പ്രദീപ് രംഗനാഥനൊപ്പം ഡ്യൂഡ്

കീർത്തിശ്വരൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഡ്യൂഡ് ആണ് മമിതയുടെ പുതിയ ചിത്രങ്ങളിൽ ഒന്ന്. ഈ  റൊമാന്റിക് ആക്ഷൻ കോമഡി ചിത്രത്തിൽ പ്രദീപ് രംഗനാഥനാണ് മമിതയുടെ നായകൻ. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിൽ ആർ. ശരത്കുമാർ, ഹൃദു ഹാരൂൺ, രോഹിണി എന്നിവരും അഭിനയിക്കുന്നുണ്ട്. സായ് അഭ്യാങ്കർ സംഗീതസംവിധാനവും  നികേത് ബൊമ്മി ഛായാഗ്രഹണവും ഭരത് വിക്രമൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. 2025 ഒക്ടോബറിൽ ദീപാവലിയോടനുബന്ധിച്ചാവും ചിത്രം റിലീസിനെത്തുക.

സൂര്യ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം  ‘സൂര്യ 46’ലെ  നായികയും മമിത തന്നെ.  വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്റെ സംവിധായകൻ.  സിതാര എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന ചിത്രത്തിൽ  രവീണ ടണ്ടൻ, രാധിക ശരത് കുമാർ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും നിമിഷ് രവി ഛായാഗ്രഹണവും നിർവഹിക്കും.
ധനുഷ് ചിത്രം

പോര്‍ തൊഴില്‍ സംവിധായകന്‍ വിഘ്നേശ് രാജയുമായി ധനുഷ് ഒന്നിക്കുന്ന പുതിയ ചിത്രം ‘ഡി 54’ലെ നായികയും മമിത തന്നെ. വിഘ്നേശ് രാജയും പോര്‍ തൊഴിലിന്‍റെ സഹരചയിതാവായ ആല്‍ഫ്രഡ് പ്രകാശും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. ജയറാം, സുരാജ് വെഞ്ഞാറമൂട്, കെ.എസ്.രവികുമാര്‍, കരുണാസ്, നിതിന്‍ സത്യ, പൃഥ്വി പാണ്ടിരാജ്, കുഷ്മിത എന്നിവരും ചിത്രത്തിലുണ്ട്. തേനി ഈശ്വര്‍ ക്യാമറ ചലിപ്പിയ്ക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജി.വി.പ്രകാശാണ്.

Exit mobile version