മറ്റൊരു വലിയ നേട്ടവുമായി ഉലകനായകന്റെ ‘വിക്രം’

ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം വൻ ബോക്‌സ് ഓഫിസ് വിജയമാണ് സ്വന്തമാക്കിയത്. ജൂൺ മൂന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രം തമിഴ് സിനിമ ബോക്‌സ് ഓഫിസ് ചരിത്രത്തിലെ പല റെക്കോർഡുകളും മറികടന്നു.

ഈയടുത്തകാലത്തിറങ്ങിയ തമിഴ് ചിത്രങ്ങളിൽ ഇന്ത്യൻ സിനിമാ പ്രേക്ഷകരെ തിയറ്ററുകളിൽ ത്രസിപ്പിച്ചിരുത്തിയ ചിത്രം കൂടിയാണ് വിക്രം ഒരുമാസത്തെ തിയറ്റർ തേരോട്ടത്തിന് ശേഷം ജൂലൈ 8ന് ഒറ്റിറ്റി പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ടസ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തിരുന്നു. ഒറ്റിറ്റിയിലും മികച്ച നേട്ടം തന്നെയാണ് ചിത്രം സ്വന്തമാക്കിയത്.

ഒന്നര കോടി ടിക്കറ്റുകളാണ് വിക്രത്തിന്‍റേതായി തമിഴ്നാട്ടില്‍ മാത്രം വിട്ടുപ്പോയത്. തമിഴ് സിനിമയുടെ ചരിത്രത്തില്‍ തമിഴ്നാട്ടില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ സിനിമയെന്ന നേട്ടം കൂടി വിക്രത്തിന് സ്വന്തമാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 435 കോടി നേടാനും ചിത്രത്തിന് കഴിഞ്ഞു.

ഇപ്പോഴിതാ പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വിക്രം. ബുസാൻ ചലച്ചിത്രമേളയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ചിത്രമിപ്പോൾ. ഓപ്പൺ സിനിമ വിഭാഗത്തിലാണ് വിക്രം പ്രദർശിപ്പിക്കുക. ഈ മാസം ഹാൾമാർക്ക് ഔട്ട്ഡോർ തിയേറ്ററിലായിരിക്കും സിനിമയുടെ പ്രദർശനം.

കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ.രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. ലോകേഷും രത്നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്.

എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി.ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, വിഎഫ്എക്സ് യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം സെന്തില്‍ എന്നിവരാണ് മറ്റ് അണിയറക്കാർ.

Exit mobile version