പണമല്ല വലുത് എന്റെ ആരാധകരാണ്; മദ്യ കമ്പനിയുടെ പരസ്യത്തില്‍ നിന്നും പിന്മാറി അല്ലു അര്‍ജ്ജുന്‍

തെലുങ്ക് താരമാണെങ്കിലും സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് അല്ലു അര്‍ജ്ജുന്‍. സിംഹക്കുട്ടി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരം ആര്യയിലൂടെ മലയാളികളുടെയും പ്രിയതാരമായി മാറി.

പുഷ്പ എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു അല്ലു അര്‍ജ്ജുന്‍. ഇപ്പോഴിത താരത്തിന്റെ ഒരു നടപടിയാണ് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നത്.

ഒരു മദ്യ കമ്പനിയുടെ പരസ്യത്തില്‍ നിന്നും താരം പിന്മാറിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് താരത്തിന് സോഷ്യല്‍ മീഡിയ കൈയ്യടിക്കുന്നത്. പരസ്യത്തില്‍ അഭിനയിക്കാന്‍ ഒരു മദ്യ കമ്പനി അല്ലുവിനെ സമീപിച്ചിരുന്നു.

പത്ത് കോടി രൂപയായിരുന്നു അല്ലുവിന് ഈ പരസ്യത്തില്‍ അഭിനയിക്കാന്‍ കമ്പനി ഒഫര്‍ ചെയ്തത്. എന്നാല്‍ ഈ പണം അല്ലു നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

താന്‍ ഈ പരസ്യത്തില്‍ അഭിനയിച്ചാല്‍ ആരാധകരില്‍ തെറ്റായ സ്വാധീനം ഉണ്ടാക്കുമെന്നതിനാലാണ് കോടികളുടെ ഓഫര്‍ അല്ലു വേണ്ടെന്ന് വച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

അടുത്തിടെ ഒരു പാന്‍ മസാല ബ്രാന്‍ഡിന്റെ പരസ്യത്തില്‍ നിന്നും അല്ലു അര്‍ജുന്‍ പിന്മാറിയിരുന്നു. ആരാധകര്‍ക്ക് തെറ്റായ മാതൃക സൃഷ്ടിക്കും എന്നതിനാല്‍ അദ്ദേഹം ഓഫര്‍ നിരസിക്കുകയായിരുന്നു.

കോടികളാണ് കമ്പനി അല്ലുവിന് വാഗ്ദാനം ചെയ്തത്. രണ്ടാമതൊന്ന് ആലോചിക്കാതെയാണ് അല്ലു ഈ തീരുമാനം എടുത്തതെന്ന് താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

താരത്തിന്റെ നന്മയ്ക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. സമൂഹത്തിനോടും തന്റെ ആരാധകരോടും ഇത്രയധികം പ്രതിബന്ധതയുള്ള താരം വേറെയില്ല എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അതേസമയം, പുഷ്പ 2വിനായുള്ള കാത്തിരിപ്പിലാണ് അല്ലു അര്‍ജുന്‍ ആരാധകര്‍ ഇപ്പോള്‍. അല്ലു അര്‍ജുനൊപ്പം ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ തമിഴില്‍ നിന്ന് വിജയ് സേതുപതിയും എത്തുന്നുവെന്ന വിവരം അടുത്തിടെ പുറത്തുവന്നിരുന്നു.

Exit mobile version