തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് ഹൻസിക മോട്വാനി. ബോളീവുഡിൽ ബാലതാരമായി വന്ന് അല്ലു അർജുൻ നായകനായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് നായികയായി വേഷമിടുന്നത്. പിന്നീട് നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ഹൻസിക തിളങ്ങി.
നടിയുടെ വിവാഹത്തെ സംബന്ധിച്ച ഒരു വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ രാഷ്ട്രീയക്കാരന്റെ മകനുമായി ഹൻസിക വിവാഹിതയാകാൻ ഒരുങ്ങുകയാണെന്ന് തമിഴ് മാധ്യമങ്ങളെ ഉദ്ധരിച്ച് ടോളിവുഡ് ഡോട്ട് നെറ്റ് റിപ്പോർട്ട് ചെയ്യുന്നു.
വരൻ ബിസിനസുകാരനാണെന്നും വിവാഹ നിശ്ചയ തീയതി നിശ്ചയിച്ചുവെന്നും റിപ്പോർട്ടുകളിലുണ്ട്. അതേസമയം വിവാഹനിശ്ചയവും വിവാഹവും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
തമിഴ് നടന്‍ ചിമ്പുവുമായി പ്രണയത്തിലാണെന്ന് ഹൻസിക തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. പിന്നീട് ഇരുവരും പ്രണയബന്ധം വേർപ്പെടുത്തിയ വാർത്തയും ആരാധകർക്കിടയിൽ ഏറെ ചർച്ചയായി.
ചിമ്പുവിന് ഒപ്പമുള്ള മഹയാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. ഹന്‍സികയുടെ 50ാംമത്തെ ചിത്രമാണിത്. 2018ല്‍ പ്രഖ്യാപിച്ച ഈ സിനിമ കോവിഡ് മൂലം റിലീസ് നീണ്ടു പോകുകയായിരുന്നു. നവാഗതനായ യുആര്‍ ജമീലാണ് സംവിധായകന്‍.
