കാത്തിരിപ്പുകൾക്ക് വിരാമം; ചിയാന്റെ ‘കോബ്ര’ റിലീസ് പ്രഖ്യാപിച്ചു

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിക്രം നായകനാകുന്ന ചിത്രമാണ് കോബ്ര. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അജയ് ജ്ഞാനമുത്തു ആണ്. ഇമൈക നൊടികള്‍, ഡിമോണ്ടെ കോളനി എന്നീ ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ജ്ഞാനമുത്തു. ചിത്രത്തിന് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് ചെറുതല്ല.

ഇപ്പോഴിതാ പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാർ. ഈ മാസം 31ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് സെവൻ സ്ക്രീൻ സ്റ്റുഡിയോസ് അറിയിച്ചിരിക്കുന്നത്.

വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണ സമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്റെ സിനിമാ അരങ്ങേറ്റ ചിത്രം കൂടിയാണിത്.കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക.

എആർ റഹ്‌മാൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യു മിയ ജോര്‍ജ് മാമുക്കോയ, ഹരീഷ് പേരടി, ബാബു ആന്റണി എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ ആണ് കോബ്ര നിര്‍മ്മിക്കുന്നത്. ഹരീഷ് കണ്ണനാണ് ഛായാഗ്രഹണം. ഭുവന്‍ ശ്രീനിവാസന്‍ എഡിറ്റിങ്ങ്.

ഇഫാര്‍ മീഡിയയ്ക്ക് വേണ്ടി റാഫി മതിര കേരളത്തില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം,ഡ്രീം ബിഗ് ഫിലിംസും, ഇ ഫോര്‍ എന്റ്റര്‍ടൈന്‍മെന്റ്റും ചേര്‍ന്ന് തീയേറ്ററുകളില്‍ എത്തിക്കുന്നു.

Exit mobile version