“മനസ് കീഴടക്കിയ ചിത്രം” വിക്രത്തെ പ്രശംസിച്ച് മഹേഷ് ബാബു

കമൽ ഹാസൻ ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ വിക്രം വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ലോകമെമ്പാടുമുള്ള തെന്നിന്ത്യൻ സിനിമാ പ്രേമികൾ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ജൂൺ മൂന്നിനാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. ഇപ്പോൾ വിക്രം കണ്ടതിനുശേഷം ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പറയുകയാണ് തെന്നിന്ത്യൻ താരം മഹേഷ് ബാബു.

ന്യൂ ഏജ് കൾട്ട് ക്ലാസിക് എന്നാണ് വിക്രത്തെ കുറിച്ച് മഹേഷ് ബാബു പറയുന്നത്. ട്വിറ്റെറിലൂടെയാണ് നടന്റെ പ്രതികരണം. സിനിമയുടെ ചിത്രീകരണ ഘട്ടത്തിലെ എല്ലാ കാര്യങ്ങളും അറിയാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ മഹേഷ് ബാബു ലോകേഷ് കനക രാജിന്റെ സംവിധാനത്തെ പ്രശംസിക്കുകയും ചെയ്തു.

കമൽഹാസനെ കുറിച്ചും അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ചും അഭിപ്രായം പറയാൻ ഞാൻ ആളല്ല. പക്ഷേ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് ഞാൻ. അദ്ദേഹത്തിനും ടീമിനും അഭിനന്ദനങ്ങൾ. വിക്രം ചെയ്തപ്പോഴുള്ള ഓരോ ഘട്ടങ്ങളും പഠിക്കാൻ എനിക്കാഗ്രഹമുണ്ട്. ഈ ചിത്രം മനസിനെ ഏറെ കീഴ്‌പ്പെടുത്തി. മഹേഷ്‌ബാബു ട്വീറ്റ് ചെയ്തു.

അതേസമയം ചിത്രം തിയറ്ററുകളിൽ വിജയ യാത്ര തുടരുകയാണ്. പല ബോക്‌സ് ഓഫിസ് റെക്കോർഡുകളും തകർത്തുകൊണ്ടാണ് ഉലകനായകനും കൂട്ടരും ജൈത്രയാത്ര തുടരുന്നത്. തമിഴ്‌നാട്ടില്‍ നിന്നും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം, കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രം അങ്ങനെ തുടങ്ങി നിരവധി റെക്കോര്‍ഡുകള്‍ വിക്രം സ്വന്തമാക്കിയിരുന്നു. 400 കോടിയിലേറെ കളക്ഷൻ ഇതിനോടകം ചിത്രം സ്വന്തമാക്കി.

കമൽ ഹാസനെ കൂടാതെ ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ, നരേൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ.രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. ലോകേഷും രത്നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്.

എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി.ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, വിഎഫ്എക്സ് യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം സെന്തില്‍ എന്നിവരാണ് മറ്റ് അണിയറക്കാർ.

Exit mobile version