ഞാന്‍ പാഴ്സലല്ല, സ്ത്രീയാണ്… ആരും ചുമക്കേണ്ട ആവശ്യമില്ല; ഇപ്പോഴും ചിലരുടെ തലയില്‍ നമ്മള്‍ ജീവിക്കുന്നത് പുരുഷാധിപത്യത്തിന്റെ ലോകത്താണ്, ഒട്ടും വൈകിയിട്ടില്ല, ഈ പുരാതന ചിന്താഗതിയില്‍ നിന്ന് ഇനിയെങ്കിലും പുറത്തു കടക്കാമോ?; തുറന്നടിച്ച് ആലിയ

മുംബൈ: ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുന്ന താരദമ്പതികളായ ആലിയ ബട്ടിനും രണ്‍ബീര്‍ കപൂറിനും ആശംസകളുടെ പെരുമഴയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍. ഗര്‍ഭിണിയാണെന്ന വിവരം ആലിയ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ആലിയ സോഷ്യല്‍മീഡിയയില്‍ നന്ദി പറഞ്ഞിരുന്നു.

അതേസമയം, ലണ്ടനില്‍ ഹോളിവുഡ് അരങ്ങേറ്റ ‘ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ ചിത്രീകരണത്തിലാണ് ആലിയ ഇപ്പോള്‍.ഗര്‍ഭിണിയായ ഭാര്യയെ ലണ്ടനില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ രണ്‍ബീര്‍ പുറപ്പെട്ടു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. ഈ വാര്‍ത്തയോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ആലിയ. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. തന്നെ ‘പിക്ക് അപ്പ്’ ചെയ്യാന്‍ വേറെ ആരുടെയും ആവശ്യമില്ലെന്നും താന്‍ ഒരു പാഴ്‌സല്‍ അല്ലെന്നുമാണ് അവര്‍ പ്രതികരിച്ചത്. വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും താരം പങ്കുവെച്ചിട്ടുണ്ട്.

‘ഇപ്പോഴും ചിലരുടെ തലയില്‍ നമ്മള്‍ ജീവിക്കുന്നത് പുരുഷാധിപത്യത്തിന്റെ ലോകത്താണ്. ഒട്ടും വൈകിയിട്ടില്ല. ആരും ആരെയും ചുമക്കേണ്ട ആവശ്യമില്ല, ഞാന്‍ സ്ത്രീയാണ്, പാഴ്സലല്ല. എനിക്ക് വിശ്രമിക്കേണ്ട ആവശ്യമില്ല. അതിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുമുണ്ടെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുക. ഇത് 2022 ആണ്. ഈ പുരാതന ചിന്താഗതിയില്‍ നിന്ന് ഇനിയെങ്കിലും പുറത്തു കടക്കാമോ. എങ്കില്‍ ഞാന്‍ പോകട്ടെ. എന്റെ ഷോട്ട് തയ്യാറാണ്’ .

ഇങ്ങനെയാണ് താരം കുറിച്ചിരിക്കുന്നത്. ആലിയ നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍, റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്നിവയുടെ ജോലികള്‍ ജൂലൈ പകുതിയോടെ പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്‍ബീറും ആലിയ ഭട്ടും ആദ്യമായി ഒന്നിച്ചഭിനയിച്ച ബ്രഹ്‌മാസ്ത്രയുടെ റിലീസ് വരുന്ന സെപ്റ്റംബര്‍ 9നാണ്. കഴിഞ്ഞ ഏപ്രില്‍ 14 നായിരുന്നു ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹം.

 

Exit mobile version