താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന്; വിജയ് ബാബുവിനെതിരെയുള്ള യുവനടിയുടെ പരാതിയും വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും

താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന വിജയ് ബാബുവിനെതിരെയുള്ള യുവനടിയുടെ പരാതിയും വിവാദങ്ങളും യോഗത്തില്‍ ഉന്നയിച്ചേക്കും.

ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ജനറല്‍ ബോഡി യോഗമാണെങ്കിലും വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സെല്‍ അധ്യക്ഷ ശ്വേത മേനോന്‍ അടക്കമുള്ള അംഗങ്ങള്‍ രാജി വച്ചിരുന്നു.

വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കി ഹൈക്കോടതി നിരീക്ഷിച്ച കാര്യങ്ങളാകും വിജയ് ബാബുവിനെ അനുകൂലിക്കുന്ന വിഭാഗം പ്രതിരോധമായി ഉയര്‍ത്തുക. നടന്‍ ഹരീഷ് പേരടിയുടെ രാജി, ഷമ്മി തിലകനെതിരായ നടപടി തുടങ്ങിയ വിവിധ വിഷയങ്ങളും ചര്‍ച്ചയ്ക്കെത്തും.

സംഘടനയുടെ വരുമാനം ലക്ഷ്യമിടുന്ന പരിപാടികള്‍ക്കും യോഗം രൂപം നല്‍കും. രാവിലെ 10.30 നാണ് യോഗം. വൈകുന്നേരം 4 മണിക്ക് അമ്മ ഭാരവാഹികള്‍ മാധ്യമങ്ങളെ കാണും.

 

Exit mobile version