ചൂട് കൂടുതലാണെന്ന് കെകെ പറഞ്ഞപ്പോള്‍ ലൈറ്റുകള്‍ ഓഫ് ചെയ്തിരുന്നു, പരിപാടി കാണാന്‍ വന്ന മറ്റാര്‍ക്കും പ്രശ്നമില്ലായിരുന്നു; ആരോപണങ്ങള്‍ തള്ളി സംഘാടകര്‍

കൊല്‍ക്കത്തയിലെ നസ്രുള്‍ മഞ്ചില്‍ നടന്ന പരിപാടിക്കിടെ ബോളിവുഡ് ഗായകന്‍ കെകെയ്ക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടായില്ലെന്ന് സംഘാടകര്‍. ചൂടു കൂടുതലാണെന്ന് കെകെ പറഞ്ഞപ്പോള്‍ കുറച്ച് ലൈറ്റുകള്‍ ഓഫ് ചെയ്തുവെന്നും എസി പ്രവര്‍ത്തിക്കാത്തത് സംഘാടകരുടെ കുഴപ്പമല്ലെന്നും സംഘാടകര്‍ പറഞ്ഞു. അഗ്നിശമന വാതകം ഉപയോഗിച്ചത് ഓഡിറ്റോറിയത്തിന് പുറത്താണെന്നും സംഘാടക സമിതി അംഗമായ ദേബശിഷ് ദാസ് പറഞ്ഞു.

നസ്രുള്‍ മഞ്ചില്‍ നടന്ന കെകെയുടെ സംഗീത പരിപാടിക്കിടെ ഒട്ടേറെ വീഴ്ചകള്‍ പറ്റിയെന്നും കെകെ അസ്വസ്ഥനായിരുന്നു എന്നുമുള്ള ആരോപണങ്ങളെ തീര്‍ത്തും തള്ളുകയാണ് സംഘാടകര്‍. പരിപാടിക്കിടെ ഒരു തെറ്റും സംഭവിച്ചിട്ടില്ല. പ്രശ്നം ഉണ്ടായിരുന്നെങ്കില്‍ കെകെ തന്നെ പരിപാടി അവസാനിപ്പിക്കുമായിരുന്നു. പരിപാടിക്ക് ശേഷം വാഹനത്തില്‍ ഇരുന്ന് തമ്പ്സ് അപ്പ് കാണിച്ചാണ് കെകെ മടങ്ങിയത് എന്നുമാണ് ന്യായീകരണം.

ഹാളിനകത്തു 3500 ഓളം ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും സംഘാടകര്‍ പറഞ്ഞു. പരിപാടി കാണാന്‍ എത്തിയ ആര്‍ക്കും ഒരു പ്രശ്നവും ഇല്ലെന്നും സംഘടക സമിതി അംഗം വിശദീകരിച്ചു.

പരിപാടിക്കിടെ അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ചത് സംഘടകര്‍ സമ്മതിക്കുന്നു. എന്നാല്‍ ഹാളിന് പുറത്താണ് അവ ഉപയോഗിച്ചത് എന്നാണ് ന്യായീകരണം.

 

Exit mobile version