വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാള്‍, ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് തെറ്റ്; അതിജീവിത എല്ലാവര്‍ക്കും പ്രചോദനം: ദുര്‍ഗ കൃഷ്ണ

നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ നടി ദുര്‍ഗാകൃഷണ. വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാളാണെന്നും ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് തെറ്റാണെന്നും ദുര്‍ഗാ കൃഷ്ണ അഭിപ്രായപ്പെട്ടു. ഉടല്‍ സിനിമയുടെ പത്രസമ്മേളനത്തിലായിരുന്നു ദുര്‍ഗ കൃഷ്ണയുടെ പ്രതികരണം.

നടിയെ ആക്രമിച്ച കേസില്‍ അതിജീവിത എല്ലാവര്‍ക്കും പ്രചോദനമാണെന്ന് ദുര്‍ഗാകൃഷ്ണ പറഞ്ഞു. ചുംബിക്കുന്ന സ്ത്രീകള്‍ മാത്രമാണ് വിമര്‍ശിക്കപ്പെടുന്നതെന്നും താന്‍ വായുവില്‍ നോക്കിയല്ല ചുംബിക്കുന്നതെന്നും ദുര്‍ഗ കൃഷ്ണ പറഞ്ഞു. ഉടലിലെ ചില ഇന്റിമേറ്റ് സീനുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ദുര്‍ഗ കൃഷ്ണയുടെ പ്രതികരണം.

ഇതിനെകുറിച്ച് നേരത്തെയും അവര്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റെ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. ‘സിനിമയുടെ ടീസര്‍ ഇറങ്ങിയതോടെ പല കോണുകളില്‍ നിന്നും എനിക്ക് മെസേജുകള്‍ വന്നു. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോള്‍പ്പിന്നെ അതൊഴിവാക്കാന്‍ കഴിയില്ലല്ലൊ. കഥ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് അതറിയാമായിരുന്നു.’ ദുര്‍ഗ കൃഷ്ണ ഫേസ്ബുക്കില്‍ കുറിച്ചത്.

Exit mobile version