അവള് എന്തും കഴിക്കും, നാളെ ആടു മേക്കാന്‍ പോകാനുള്ള ടീമാണ്; നടി നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം

ഇന്ത്യയില്‍ പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നുമില്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ നടി നിഖില വിമലിനെതിരെ സൈബറാക്രമണം. ഫേസ്ബുക്ക് അക്കൗണ്ടിലാണ് വ്യാജ ഐഡിയില്‍ നിന്നടക്കം നടിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നത്. കഴിഞ്ഞ ദിവസം സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട യൂട്യൂബ് അഭിമുഖത്തിലാണ് നടി പശുവിനെ കുറിച്ചുള്ള പ്രതികരണം നടത്തിയിരുന്നത്.

‘അവള് എന്തും കഴിക്കും, നാളെ ആടു മേക്കാന്‍ പോകാനുള്ള ടീമാണ്’, ‘ഇത്രയും പടത്തില്‍ അഭിനയിച്ചിട്ടും കൂടുതല്‍ ആര്‍ക്കും അറിയില്ലായിരുന്നു, ഈ പശു പ്രയോഗം കൊണ്ട് ചുളുവില്‍ അറിയപ്പെട്ടു തുടങ്ങി’, ‘ഒന്നു ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ ആരെയൊക്കെ ഇമ്മാതിരി വിഡ്ഢിത്തം വിളമ്പി സുഖിപ്പിക്കണം’, ‘ആരും അറിയാതിരുന്ന കൂതറ കോഴിയുടെ പശുവിന്റെ പേരില്‍ അറിയാന്‍ ഉള്ള സൈക്കോളജിക്കല്‍ മൂവ്’, ‘ഇപ്പോള്‍ ഈ വിഷയം എടുത്ത് ഇട്ടത് തന്നെ സമസ്താ പെണ്‍കുട്ടി വിഷയത്തില്‍ നിന്നും വഴി തിരിക്കാന്‍ അല്ലെ അതിനു ഇതൊന്നും മതിയാവില്ലല്ലോ ചെമ്പൂവേ’, ‘മോള്‍ കോഴി കഴിക്കുമെങ്കില്‍ പശുവിനെയും കഴിക്കുന്ന ഒരു ഫോട്ടോ ഷെയര്‍ ചെയ്യാന്‍ ഉള്ള ചങ്കൂറ്റം ഉണ്ടോ?’ – എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

നിലപാടിന്റെ പേരില്‍ നിഖിലയ്ക്ക് പിന്തുണ നല്‍കുന്നവരും ഏറെ. നടിയുടേത് ഉറച്ച രാഷ്ട്രീയ ബോധവും തന്റേടവുമാണെന്ന് പലരും പ്രതികരിച്ചു.

നിഖില പറഞ്ഞത്:

‘നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം. ആരാ പറഞ്ഞത് പശുവിനെ വെട്ടാന്‍ പറ്റില്ലെന്ന്. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പാടില്ലെന്നുള്ള ഒരു സിസ്റ്റമേ ഇല്ല. മൃഗങ്ങളെ സംരക്ഷിക്കണമെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. പശുവിന് മാത്രം അങ്ങനെ പ്രത്യേകിച്ച് പരിഗണനയൊന്നും ഈ നാട്ടിലില്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കില്‍ എല്ലാറ്റിനെയും വെട്ടാം. വന്യജീവികളെ വെട്ടരുത് എന്ന് പറയുന്നത് വംശനാശം വരുന്നത് കൊണ്ടാണ്. ഞാനെന്തും കഴിക്കും. നിര്‍ത്തുകയാണ് എങ്കില്‍ എല്ലാം നിര്‍ത്തണം. അങ്ങനെ ഒന്ന് കഴിക്കില്ല എന്നത് എനിക്ക് പറ്റില്ല.’

ചെസ് കളിയില്‍ വിജയിക്കാന്‍ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് കുതിരയെ മാറ്റി പശുവിനെ വച്ചാല്‍ മതി അപ്പോള്‍ വെട്ടാന്‍ പറ്റില്ലല്ലോ എന്ന അവതാരകന്റെ ഉത്തരത്തിനാണ് നിഖില രാഷ്ട്രീയം പറഞ്ഞുള്ള മറുപടി നല്‍കിയത്. കുതിരയെ മാറ്റി പശുവിനെ വച്ചാലും താന്‍ വെട്ടുമെന്നും ഇന്ത്യയിലും പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന് പറയുന്ന ഒരു സിസ്റ്റമില്ലായിരുന്നു അത് കൊണ്ടുവന്നത് അല്ലേ എന്നും നിഖില ചോദിച്ചു.

 

 

Exit mobile version