വില്‍ സ്മിത്തിന് പത്ത് വര്‍ഷം വിലക്ക്; ഓസ്‌കറിലും അക്കാദമിയുടെ പരിപാടികളിലും പങ്കെടുക്കാനാവില്ല

നടന്‍ വില്‍ സ്മിത്തിന് പത്ത് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി ഓസ്‌കര്‍ അക്കാദമി ഓഫ് ഗവേര്‍ണേഴ്‌സ്. ഓസ്‌കര്‍ പ്രഖ്യാപന ചടങ്ങില്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചതിനാണ് നടപടി.

മാര്‍ച്ച് 27ന് നടന്ന ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തിനിടെയാണ് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്ത് വില്‍ സ്മിത്ത് അടിച്ചത്. ഭാര്യ ജെയ്ഡ പിങ്കറ്റിനെ കളിയാക്കിയതിനായിരുന്നു വില്‍ കരണത്തടിച്ചത്. തുടര്‍ന്ന് അക്കാദമി അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഏറ്റവുമൊടുവില്‍ അക്കാദമി നടപടി സ്വീകരിച്ചിരിക്കുകയാണ്. ഓസ്‌കറില്‍ നിന്നും അക്കാദമിയുടെ മുഴുവന്‍ പരിപാടികളില്‍ നിന്നും പത്ത് വര്‍ഷത്തേക്കാണ് വില്‍ സ്മിത്തിനെ വിലക്കിയത്. ഇന്നലെ ചേര്‍ന്ന അക്കാദമി ഗവര്‍ണര്‍മാരുടെ യോഗത്തിലാണ് തീരുമാനം.

അക്കാദമി ഓഫ് മോഷന്‍ പിക്‌ച്ചേഴ്‌സ് പ്രസിഡന്റ് ഡേവിഡ് റൂബിനും സി.ഇ.ഒ ഡോണ്‍ ഹൂഡ്‌സണുമാണ് നടപടി സ്ഥിരീകരിച്ചത്. വില്‍ ചെയ്തത് ദോഷകരമായ പെരുമാറ്റമാണെന്ന് അക്കാദമി വിലയിരുത്തി.

എന്നാല്‍ നടപടി അംഗീകരിക്കുന്നെന്നും അക്കാദമിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നെന്നും വില്‍ സ്മിത്ത് പ്രതികരിച്ചു. അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സില്‍ നിന്ന് നേരത്തെ തന്നെ വില്‍ സ്മിത്ത് രാജി വച്ചിരുന്നു.

 

Exit mobile version