മോഹന്‍ലാലിന് എതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കുന്നതിനെതിരായ ഹര്‍ജികള്‍ തള്ളി; ആനക്കൊമ്പ് കേസില്‍ ഉള്‍പ്പെട്ടത് പൊതുപണം അല്ലെന്നും ഹര്‍ജിക്കാരുടെ വാദം പരിഗണേക്കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍

നടന്‍ മോഹന്‍ലാലിന് എതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് എതിരായ ഹര്‍ജി കോടതി തള്ളി. പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഏലൂര്‍ സ്വദേശി എഎ പൗലോസും വനംവകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ റാന്നി സ്വദേശി ജയിംസ് മാത്യുവും സമര്‍പ്പിച്ച ഹര്‍ജികളാണ് പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയത്.

കേസുമായി മുന്നോട്ട് പോവുന്നതില്‍ കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതായിരുന്നു ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്. ആനക്കൊമ്പ് കേസില്‍ ഉള്‍പ്പെട്ടത് പൊതുപണം അല്ലെന്നും അതിനാല്‍ ഹര്‍ജിക്കാരുടെ വാദം പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജികളില്‍ നടപടി തുടരുന്നത് കോടതി നടപടികളുടെ ദുരുപയോഗമാണെന്നുമുള്ള നിലപാട് ആയിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് അംഗീകരിച്ചായിരുന്നു കോടതി ഹര്‍ജികള്‍ തള്ളിയത്.

എന്നാല്‍, വിധിക്ക് എതിരെ അപ്പീല്‍ നല്‍കുമെന്നാണ് ഹര്‍ജിക്കാരുടെ നിലപാട്. അതേസമയം, നടന്‍ മോഹന്‍ലാലിന് അനധികൃത ആനക്കൊമ്പുകള്‍ കൈവശംവെയ്ക്കാന്‍ അനുമതി നല്‍കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയിരുന്നു. മോഹന്‍ലാലിന്റെ ‘തേവരയിലെ വസതിയില്‍ നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ അനധികൃതമാണെന്ന് കണ്ടെത്തിയ ശേഷം മുന്‍കാല പ്രാബല്യത്തോടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മുഖ്യവനപാലകന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് ഹൈക്കോടതിയിലെ ഹര്‍ജി. മോഹന്‍ലാല്‍ ഒന്നാം പ്രതിയായി പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലുള്ള കേസില്‍ തീരുമാനമായ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് വ്യക്തമാക്കിയായിരുന്നു കോടതിയുടെ തീരുമാനം.

 

Exit mobile version