ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് കേസ്; കൂറുമാറിയ സാക്ഷി പ്രഭാകര്‍ സെയില്‍ മരിച്ചു

 

നടന്‍ ഷാരുഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് കേസില്‍ കൂറുമാറിയ സാക്ഷി മരിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കേസിലെ മറ്റൊരു വിവാദ സാക്ഷിയായ കിരണ്‍ ഗോസാവിയുടെ അംഗരക്ഷകന്‍ കൂടിയായിരുന്ന പ്രഭാകര്‍ സെയിലാണ് മരിച്ചത്.

മരണം ഹൃദയാഘാതം മൂലമാണെന്ന് സെയിലിന്റെ അഭിഭാഷകന്‍ തുഷാര്‍ ണ്ഡാരെ സ്ഥിരീകരിച്ചു. ആര്യന്‍ ഖാനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യം ആരോപണം ഉന്നയിച്ച സാക്ഷിയാണ് പ്രഭാകര്‍. അന്നത്തെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീര്‍ വാംഗഡെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇയാള്‍ ഉന്നയിച്ചിരുന്നത്.

ആര്യന്‍ഖാനെ അറസ്റ്റ് ചെയ്തത് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ വേണ്ടിയായിരുന്നുവെന്നും 8 കോടിയാണ് ഇത്തരത്തില്‍ സമീര്‍ വാംഗഡെക്ക് ലഭിക്കുകയെന്നുമായിരുന്നു ആരോപണം. കേസിലെ മറ്റൊരു പ്രതിയായ കിരണ്‍ ഗോസാവി ഇക്കാര്യം മറ്റൊരാളോട് പറയുന്നത് കേട്ടെന്നായിരുന്നു വെളിപ്പെടുത്തല്‍.

മാത്രമല്ല 50 ലക്ഷം രൂപ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിറ്റേന്ന് ഗോവാസിക്ക് കിട്ടിയെന്നും പ്രഭാകര്‍ ആരോപിച്ചിരുന്നു.

 

Exit mobile version