ഏത് ശിക്ഷാവിധിയും സ്വീകരിക്കാന്‍ സന്നദ്ധന്‍; ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങിനിടെ വേദിയില്‍ കയറി അവതാരകനെ തല്ലിയതിനെ തുടര്‍ന്ന് അക്കാദമിയില്‍ നിന്ന് രാജിവച്ച് നടന്‍ വില്‍ സ്മിത്ത്

 

ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങിനിടെ വേദിയില്‍ കയറി അവതാരകനെ തല്ലിയതിനെ തുടര്‍ന്ന് അക്കാദമിയില്‍ നിന്ന് രാജിവച്ച് നടന്‍ വില്‍ സ്മിത്ത്. ഓസ്‌കര്‍ വേദിയില്‍ അവതാരകനെ തല്ലിയ സംഭവത്തില്‍ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ യോഗം ചേരാനിരിക്കേയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആന്റ് ആര്‍ട്ടില്‍ നിന്ന് വില്‍ സ്മിത്ത് രാജി വച്ചത്.

ഓസ്‌കര്‍ വേദിയിലെ തന്റെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തതെന്നും ഏത് ശിക്ഷാവിധിയും സ്വീകരിക്കാന്‍ സന്നദ്ധനാണെന്നും സ്മിത്ത് അറിയിച്ചു. അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാനായില്ലെന്നും വില്‍ സ്മിത്ത് പറഞ്ഞു. ഭാര്യ ജാഡ പിങ്കറ്റിന്റെ രോഗാവസ്ഥയെക്കുറിച്ച് അവതാരകനായ ക്രിസ് റോക്ക് തമാശ പറഞ്ഞതില്‍ പ്രകോപിതനായാണ് സ്മിത്ത് വേദിയിലേക്ക് കയറിച്ചെന്ന് ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്. ഈ സംഭവത്തിന് ശേഷമായിരുന്നു വില്‍ സ്മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തു കൊണ്ടുള്ള പ്രഖ്യാപനം വന്നത്.

കിംഗ് വില്യംസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ തന്നെ തന്റെ പെരുമാറ്റത്തില്‍ സ്മിത്ത് മാപ്പ് ചോദിച്ചിരുന്നു. പിന്നാലെ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഇത് സംബന്ധിച്ച കുറിപ്പും അദ്ദേഹം പുറത്തിറക്കിയിരുന്നു. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലും അദ്ദേഹം തന്റെ പ്രവൃത്തിയില്‍ ക്ഷമ ചോദിക്കുന്നതായി വ്യക്തമാക്കിയിരുന്നു.

 

Exit mobile version