ഐഎഫ്എഫ്കെ: ഇന്ന് പ്രദര്‍ശിപ്പിക്കുന്നത് 68 ചിത്രങ്ങള്‍

 

അന്തരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് പ്രദര്‍ശിപ്പിക്കുന്നത് 68 ചിത്രങ്ങള്‍. ഐഎസ് ആക്രമണത്തിന്റെ ഇര ലിസ ചലാന്‍ സംവിധാനം ചെയ്ത ദി ലാംഗ്വേജ് ഓഫ് മൗണ്ടന്റെയും മത്സര വിഭാഗത്തിലെ മലയാള ചിത്രമായ ആവാസ വ്യൂഹത്തിന്റെയും ആദ്യ പ്രദര്‍ശനം ഇന്ന് നടക്കും. സംഘര്‍ഷ ഭൂമിയില്‍ നിന്നുള്ള രണ്ട് ചിത്രങ്ങളും ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

മലയാള ചിത്രം ആവാസ വ്യൂഹം, കമീല അഡീനിയുടെ യൂനി, റഷ്യന്‍ ചിത്രം ക്യാപ്റ്റന്‍ വല്‍കാനോഗോവ് എസ്‌കേപ്പ്ഡ്, തമിഴ് ചിത്രം കൂഴാങ്കല്‍, അര്‍ജന്റീനിയന്‍ ചിത്രം കമീല കംസ് ഔട്ട് റ്റു നെറ്റ്, മൗനിയ അക്ല്‍ സംവിധാനം ചെയ്ത കോസ്റ്റ ബ്രാവ ലെബനന്‍, നതാലി അല്‍വാരെസ് മെസെന്റെ സ്വീഡീഷ് ചിത്രം ക്ലാര സോള എന്നിവയാണ് മത്സര വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.

ബര്‍മീസ് ചിത്രം മണി ഹാസ് ഫോര്‍ ലെഗ്സ്, കുര്‍ദിഷ്ഇറാനിയന്‍ ചിത്രമായ മറൂണ്‍ഡ് ഇന്‍ ഇറാഖ് എന്നിവ ഫ്രെയിമിങ് കോണ്‍ഫ്ലിക്റ്റ് വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശനത്തിന് എത്തും. അപര്‍ണ സെനിന്റെ ദി റേപ്പിസ്റ്റ് ഉള്‍പ്പടെ 17 ഇന്ത്യന്‍ ചിത്രങ്ങളും ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

ഒരു കന്യാസ്ത്രീയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങള്‍ ചിത്രീകരിക്കുന്ന റൊമേനിയന്‍ ചിത്രം മിറാക്കിള്‍, ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് നീതിക്കായി പോരാടുന്ന ഇറാനിയന്‍ യുവതിയുടെ കഥ പറയുന്ന ബല്ലാഡ് ഓഫ് എ വൈറ്റ് കൗ, റോബര്‍ട്ട് ഗൈഡിഗുയ്യന്‍ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം മെയില്‍ ട്വിസ്റ്റ്, ഒരു സംവിധായകന്റെ യാത്രകളെ പ്രമേയമാക്കുന്ന ഇസ്രായേലി ചിത്രം അഹദ്സ് നീ അടക്കം 38 സിനിമകള്‍ ലോക സിനിമ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

Exit mobile version