വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കസ്റ്റഡിയില്‍ എടുത്ത ചലച്ചിത്ര സംവിധായകന്‍ ലിജു കൃഷ്ണന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 2020ല്‍ കാക്കനാട്ടെ ഫ്‌ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചു എന്നാണ് കൊച്ചി സ്വദേശിനിയുടെ പരാതി. കൊച്ചി ഡിസിപിയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ചതായി ലിജു കൃഷ്ണന്‍ സമ്മതിച്ചിരുന്നു. ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചതോടെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. കണ്ണൂരിലെ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്നാണ് ലിജു കൃഷ്ണനെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കസ്റ്റഡില്‍ എടുത്തത്.
ലിജുവിന്റെ ആദ്യചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ലിജു തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രീകരണത്തിനിടയില്‍ വച്ചാണ് സംവിധായകന്‍ അറസ്റ്റിലാകുന്നത്. ഇതേ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. നിവിന്‍ പോളി, മഞ്ജു വാര്യര്‍ ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. പടവെട്ട് സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കണ്ണൂരിലെത്തിയാണ് സംവിധായകനെ കസ്റ്റഡിയിലെടുത്തത്.
മലബാറിന്റെ പശ്ചാത്തലത്തില്‍ മാലൂര്‍ എന്ന ഗ്രാമത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ 90 ശതമാനം ചിത്രീകരണവും ഇതിനോടകം പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി മൂലം ഏറെ നാള്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സണ്ണി വെയ്ന്‍, ഷമ്മി തിലകന്‍, അതിഥി ബാലന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സിനിമയുടെ ചിത്രീകരണം കണ്ണൂരില്‍ പുരോഗമിക്കുന്നതിനിടെയാണ് സംവിധായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം വിവാദമായതോടെ തുടര്‍ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുകയാണ്.
